(102) അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു.
(103) കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന്‍ കണ്ടെത്തുകയും ചെയ്യും. അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു.
(104) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കിതാ കണ്ണുതുറപ്പിക്കുന്ന തെളിവുകള്‍ വന്നെത്തിയിരിക്കുന്നു. വല്ലവനും അത് കണ്ടറിഞ്ഞാല്‍ അതിന്‍റെ ഗുണം അവന്ന് തന്നെയാണ്. വല്ലവനും അന്ധത കൈക്കൊണ്ടാല്‍ അതിന്‍റെ ദോഷവും അവന്നു തന്നെ. ഞാന്‍ നിങ്ങളുടെ മേല്‍ ഒരു കാവല്‍ക്കാരനൊന്നുമല്ല.
(105) അപ്രകാരം നാം വിവിധ രൂപത്തില്‍ ദൃഷ്ടാന്തങ്ങള്‍ വിവരിക്കുന്നു. നീ (വല്ലവരില്‍ നിന്നും) പഠിച്ചുവന്നതാണെന്ന് അവിശ്വാസികള്‍ പറയുവാനും, എന്നാല്‍ മനസ്സിലാക്കുന്ന ആളുകള്‍ക്ക് നാം കാര്യം വ്യക്തമാക്കികൊടുക്കുവാനും വേണ്ടിയാണത്.
(106) നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ബോധനം നല്‍കപ്പെട്ടതിനെ നീ പിന്തുടരുക. അവനല്ലാതെ ഒരു ദൈവവുമില്ല. ബഹുദൈവവാദികളില്‍ നിന്ന് നീ തിരിഞ്ഞുകളയുക.
(107) അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ (അവനോട്) പങ്കുചേര്‍ക്കുമായിരുന്നില്ല. നിന്നെ നാം അവരുടെ മേല്‍ ഒരു കാവല്‍ക്കാരനാക്കിയിട്ടുമില്ല. നീ അവരുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവനുമല്ല.
(108) അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ അവരെ അറിയിക്കുന്നതാണ്.
(109) തങ്ങള്‍ക്ക് വല്ല ദൃഷ്ടാന്തവും വന്നുകിട്ടുന്ന പക്ഷം അതില്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ തങ്ങളെകൊണ്ടാവും വിധം ഉറപ്പിച്ച് സത്യം ചെയ്ത് പറയുന്നു. പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തില്‍ മാത്രമാണുള്ളത്. നിങ്ങള്‍ക്കെന്തറിയാം? അത് വന്ന് കിട്ടിയാല്‍ തന്നെ അവര്‍ വിശ്വസിക്കുന്നതല്ല.
(110) ഇതില്‍ (ഖുര്‍ആനില്‍) ആദ്യതവണ അവര്‍ വിശ്വസിക്കാതിരുന്നത് പോലെത്തന്നെ (ഇപ്പോഴും) നാം അവരുടെ മനസ്സുകളെയും കണ്ണുകളെയും മറിച്ചുകൊണ്ടിരിക്കും. അവരുടെ ധിക്കാരവുമായി വിഹരിച്ചുകൊള്ളുവാന്‍ നാം അവരെ വിട്ടേക്കുകയും ചെയ്യും.