(90) അല്ല. നാം അവരുടെ അടുത്ത് സത്യവും കൊണ്ട് ചെന്നിരിക്കുകയാണ്. അവരാകട്ടെ വ്യാജവാദികള്‍ തന്നെയാകുന്നു.
(91) അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍!
(92) അവന്‍ അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു. അതിനാല്‍ അവന്‍ അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അതീതനായിരിക്കുന്നു.
(93) (നബിയേ,) പറയുക: എന്‍റെ രക്ഷിതാവേ, ഇവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന ശിക്ഷ നീ എനിക്ക് കാണുമാറാക്കുകയാണെങ്കില്‍,
(94) എന്‍റെ രക്ഷിതാവേ, നീ എന്നെ അക്രമികളായ ജനതയുടെ കൂട്ടത്തില്‍ പെടുത്തരുതേ.
(95) നാം അവര്‍ക്ക് താക്കീത് നല്‍കുന്ന ശിക്ഷ നിനക്ക് കാണിച്ചുതരുവാന്‍ തീര്‍ച്ചയായും നാം കഴിവുള്ളവന്‍ തന്നെയാകുന്നു.
(96) ഏറ്റവും നല്ലതേതോ അതുകൊണ്ട് നീ തിന്‍മയെ തടുത്തു കൊള്ളുക. അവര്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു.
(97) നീ പറയുക: എന്‍റെ രക്ഷിതാവേ, പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു.
(98) അവര്‍ (പിശാചുക്കള്‍) എന്‍റെ അടുത്ത് സന്നിഹിതരാകുന്നതില്‍ നിന്നും എന്‍റെ രക്ഷിതാവേ, ഞാന്‍ നിന്നോട് രക്ഷതേടുന്നു.
(99) അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: എന്‍റെ രക്ഷിതാവേ, എന്നെ (ജീവിതത്തിലേക്ക്) തിരിച്ചയക്കേണമേ
(100) ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തില്‍ എനിക്ക് നല്ല നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയത്തക്കവിധം. ഒരിക്കലുമില്ല! അതൊരു വെറും വാക്കാണ്. അതവന്‍ പറഞ്ഞു കൊണ്ടിരിക്കും. അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ്.
(101) എന്നിട്ട് കാഹളത്തില്‍ ഊതപ്പെട്ടാല്‍ അന്ന് അവര്‍ക്കിടയില്‍ കുടുംബബന്ധങ്ങളൊന്നുമുണ്ടായിരിക്കുകയില്ല. അവര്‍ അന്യോന്യം അന്വേഷിക്കുകയുമില്ല.
(102) അപ്പോള്‍ ആരുടെ (സല്‍കര്‍മ്മങ്ങളുടെ) തൂക്കങ്ങള്‍ ഘനമുള്ളതായോ അവര്‍ തന്നെയാണ് വിജയികള്‍.
(103) ആരുടെ (സല്‍കര്‍മ്മങ്ങളുടെ) തൂക്കങ്ങള്‍ ലഘുവായിപ്പോയോ അവരാണ് ആത്മനഷ്ടം പറ്റിയവര്‍, നരകത്തില്‍ നിത്യവാസികള്‍.
(104) നരകാഗ്നി അവരുടെ മുഖങ്ങള്‍ കരിച്ചു കളയും. അവരതില്‍ പല്ലിളിച്ചവരായിരിക്കും.