(43) അവരുടെ കൂട്ടത്തില്‍ നിന്നെ ഉറ്റുനോക്കുന്ന ചിലരുമുണ്ട്. എന്നാല്‍ അന്ധന്‍മാര്‍ക്ക്- അവര്‍ കണ്ടറിയാന്‍ ഭാവമില്ലെങ്കിലും- നേര്‍വഴി കാണിക്കുവാന്‍ നിനക്ക് സാധിക്കുമോ?
(44) തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഒട്ടും അനീതി കാണിക്കുന്നില്ല. എങ്കിലും മനുഷ്യര്‍ അവരവരോട് തന്നെ അനീതി കാണിക്കുന്നു.
(45) അവന്‍ അവരെ ഒരുമിച്ചുകൂട്ടുന്ന ദിവസം പകലില്‍ നിന്ന് അല്‍പസമയം മാത്രമേ അവര്‍ (ഇഹലോകത്ത്) കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന പോലെ തോന്നും. അവര്‍ അന്യോന്യം തിരിച്ചറിയുന്നതുമാണ്. അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ നിഷേധിച്ചുതള്ളിയവര്‍ നഷ്ടത്തിലായിരിക്കുന്നു. അവര്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരായതുമില്ല.
(46) (നബിയേ,) അവര്‍ക്കു നാം വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്ന ശിക്ഷകളില്‍ ചിലത് നാം നിനക്ക് കാണിച്ചുതരികയോ, അല്ലെങ്കില്‍ (അതിനു മുമ്പ്) നിന്നെ നാം മരിപ്പിക്കുകയോ ചെയ്യുന്ന പക്ഷം നമ്മുടെ അടുത്തേക്ക് തന്നെയാണ് അവരുടെ മടക്കം. പിന്നെ അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതിനെല്ലാം അല്ലാഹു സാക്ഷിയായിരിക്കും.
(47) ഓരോ സമൂഹത്തിനും ഓരോ ദൂതനുണ്ട്. അങ്ങനെ അവരിലേക്കുള്ള ദൂതന്‍ വന്നാല്‍ അവര്‍ക്കിടയല്‍ നീതിപൂര്‍വ്വം തീരുമാനമെടുക്കപ്പെടുന്നതാണ്. അവരോട് അനീതി കാണിക്കപ്പെടുന്നതല്ല.
(48) അവര്‍ (സത്യനിഷേധികള്‍) പറയും: എപ്പോഴാണ് ഈ വാഗ്ദാനം (നിറവേറുന്നത്?) (പറയൂ,) നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
(49) (നബിയേ,) പറയുക: എനിക്ക് തന്നെ ഉപകാരമോ ഉപദ്രവമോ ഉണ്ടാക്കുക എന്നത് എന്‍റെ അധീനത്തിലല്ല- അല്ലാഹു ഉദ്ദേശിച്ചതല്ലാതെ. ഓരോ സമൂഹത്തിനും ഒരു അവധിയുണ്ട്. അവരുടെ അവധി വന്നെത്തിയാല്‍ ഒരു നാഴിക നേരം പോലും അവര്‍ക്ക് വൈകിക്കാനാവില്ല. അവര്‍ക്കത് നേരത്തെയാക്കാനും കഴിയില്ല.
(50) (നബിയേ,) പറയുക: അല്ലാഹുവിന്‍റെ ശിക്ഷ രാത്രിയോ പകലോ നിങ്ങള്‍ക്ക് വന്നാല്‍ (നിങ്ങളുടെ അവസ്ഥ എങ്ങനെയായിരിക്കുമെന്ന്) നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അതില്‍ നിന്ന് ഏതു ശിക്ഷയ്ക്കായിരിക്കും കുറ്റവാളികള്‍ ധൃതി കാണിക്കുന്നത്?
(51) എന്നിട്ട് അത് (ശിക്ഷ) അനുഭവിക്കുമ്പോഴാണോ നിങ്ങളതില്‍ വിശ്വസിക്കുന്നത്? (അപ്പോള്‍ നിങ്ങളോട് പറയപ്പെടും:) നിങ്ങള്‍ ഈ ശിക്ഷയ്ക്ക് തിടുക്കം കാണിക്കുന്നവരായിരുന്നല്ലോ. എന്നിട്ട് ഇപ്പോഴാണോ (നിങ്ങളുടെ വിശ്വാസം?)
(52) പിന്നീട് അക്രമകാരികളോട് പറയപ്പെടും: നിങ്ങള്‍ ശാശ്വത ശിക്ഷ ആസ്വദിച്ച് കൊള്ളുക. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനനുസരിച്ചല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ?
(53) ഇത് സത്യമാണോ എന്ന് നിന്നോട് അവര്‍ അന്വേഷിക്കുന്നു. പറയുക: അതെ; എന്‍റെ രക്ഷിതാവിനെതന്നെയാണ! തീര്‍ച്ചയായും അത് സത്യം തന്നെയാണ്. നിങ്ങള്‍ക്ക് തോല്‍പിച്ചു കളയാനാവില്ല.