(220) അനാഥകളെപ്പറ്റിയും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: അവര്‍ക്ക് നന്‍മ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങള്‍ കൂട്ടു ജീവിതം നയിക്കുകയാണെങ്കില്‍ (അതില്‍ തെറ്റില്ല.) അവര്‍ നിങ്ങളുടെ സഹോദരങ്ങളാണല്ലോ ? നാശമുണ്ടാക്കുന്നവനെയും നന്‍മവരുത്തുന്നവനെയും അല്ലാഹു വേര്‍തിരിച്ചറിയുന്നതാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് ക്ലേശമുണ്ടാക്കുമായിരുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.
(221) ബഹുദൈവവിശ്വാസിനികളെ - അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയെക്കാള്‍ നല്ലത്. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്. സത്യവിശ്വാസിയായ ഒരു അടിമയാണ് ബഹുദൈവവിശ്വാസിയെക്കാള്‍ നല്ലത്. അവന്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി തന്റെ തെളിവുകള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.
(222) ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ്. അവര്‍ ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.
(223) നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്. നിങ്ങളുടെ നന്‍മയ്ക്ക് വേണ്ടത് നിങ്ങള്‍ മുന്‍കൂട്ടി ചെയ്തു വെക്കേണ്ടതുമാണ്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി നിങ്ങള്‍ കണ്ടുമുട്ടേണ്ടതുണ്ടെന്ന് അറിഞ്ഞിരിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക.
(224) അല്ലാഹുവെ - അവന്റെപേരില്‍ നിങ്ങള്‍ ശപഥം ചെയ്തു പോയി എന്ന കാരണത്താല്‍ - നന്‍മ ചെയ്യുന്നതിനോ ധര്‍മ്മം പാലിക്കുന്നതിനോ ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നതിനോ നിങ്ങള്‍ ഒരു തടസ്സമാക്കി വെക്കരുത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.