(12) ദൂരസ്ഥലത്ത് നിന്ന് തന്നെ അത് അവരെ കാണുമ്പോള്‍ ക്ഷോഭിച്ചിളകുന്നതും ഇരമ്പുന്നതും അവര്‍ക്ക് കേള്‍ക്കാവുന്നതാണ്.
(13) അതില്‍ (നരകത്തില്‍) ഒരു ഇടുങ്ങിയ സ്ഥലത്ത് ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട നിലയില്‍ അവരെ ഇട്ടാല്‍ അവിടെ വെച്ച് അവര്‍ നാശമേ, എന്ന് വിളിച്ചുകേഴുന്നതാണ്.
(14) ഇന്ന് നിങ്ങള്‍ ഒരു നാശത്തെ വിളിക്കേണ്ടതില്ല. ധാരാളം നാശത്തെ വിളിച്ചുകൊള്ളുക. (എന്നായിരിക്കും അവര്‍ക്ക് കിട്ടുന്ന മറുപടി)
(15) (നബിയേ,) പറയുക; അതാണോ ഉത്തമം, അതല്ല ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ശാശ്വത സ്വര്‍ഗമാണോ? അതായിരിക്കും അവര്‍ക്കുള്ള പ്രതിഫലവും ചെന്ന് ചേരാനുള്ള സ്ഥലവും.
(16) തങ്ങള്‍ ഉദ്ദേശിക്കുന്നതെന്തും അവര്‍ക്കവിടെ ഉണ്ടായിരിക്കുന്നതാണ്. അവര്‍ നിത്യവാസികളായിരിക്കും. അത് നിന്‍റെ രക്ഷിതാവ് ബാധ്യത ഏറ്റിട്ടുള്ള വാഗ്ദാനമാകുന്നു. ചോദിക്കപ്പെടാവുന്നതുമാകുന്നു.
(17) അവരെയും അല്ലാഹുവിന് പുറമെ അവര്‍ ആരാധിക്കുന്നവയെയും അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) എന്നിട്ടവന്‍ (ആരാധ്യരോട്) പറയും: എന്‍റെ ഈ ദാസന്‍മാരെ നിങ്ങള്‍ വഴിപിഴപ്പിച്ചതാണോ അതല്ല അവര്‍ തന്നെ വഴിതെറ്റിപ്പോയതാണോ?
(18) അവര്‍ (ആരാധ്യര്‍) പറയും: നീ എത്ര പരിശുദ്ധന്‍! നിനക്ക് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിക്കുക എന്നത് ഞങ്ങള്‍ക്ക് യോജിച്ചതല്ല. പക്ഷെ, അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും നീ സൌഖ്യം നല്‍കി. അങ്ങനെ അവര്‍ ഉല്‍ബോധനം മറന്നുകളയുകയും, നശിച്ച ഒരു ജനതയായിത്തീരുകയും ചെയ്തു.
(19) അപ്പോള്‍ ബഹുദൈവാരാധകരോട് അല്ലാഹു പറയും:) നിങ്ങള്‍ പറയുന്നതില്‍ അവര്‍ നിങ്ങളെ നിഷേധിച്ചു തള്ളിക്കഴിഞ്ഞിരിക്കുന്നു. ഇനി (ശിക്ഷ) തിരിച്ചുവിടാനോ വല്ല സഹായവും നേടാനോ നിങ്ങള്‍ക്ക് സാധിക്കുന്നതല്ല. അതിനാല്‍ (മനുഷ്യരേ,) നിങ്ങളില്‍ നിന്ന് അക്രമം ചെയ്തവരാരോ അവന്ന് നാം ഗുരുതരമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്.
(20) ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ നിനക്ക് മുമ്പ് ദൂതന്‍മാരില്‍ ആരെയും നാം അയക്കുകയുണ്ടായിട്ടില്ല. നിങ്ങള്‍ ക്ഷമിക്കുമോ എന്ന് നോക്കാനായി നിങ്ങളില്‍ ചിലരെ ചിലര്‍ക്ക് നാം ഒരു പരീക്ഷണമാക്കിയിരിക്കുന്നു. (നിന്‍റെ രക്ഷിതാവ് (എല്ലാം) കണ്ടറിയുന്നവനാകുന്നു.