(32) കടലിലൂടെ മലകളെന്നോണം സഞ്ചരിക്കുന്ന കപ്പലുകളും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.
(33) അവന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്‍ കാറ്റിനെ അടക്കി നിര്‍ത്തും. അപ്പോള്‍ അവ കടല്‍ പരപ്പില്‍ നിശ്ചലമായി നിന്നുപോകും. തീര്‍ച്ചയായും അതില്‍ ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവര്‍ക്കും ദൃഷ്ടാന്തങ്ങളുണ്ട്.
(34) അല്ലെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി അവയെ (കപ്പലുകളെ) അവന്‍ തകര്‍ത്തുകളയും. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യും.
(35) നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തില്‍ തര്‍ക്കം നടത്തുന്നവര്‍ തങ്ങള്‍ക്ക് രക്ഷപ്രാപിക്കുവാന്‍ ഒരു സ്ഥാനവുമില്ലെന്ന് മനസ്സിലാക്കേണ്ടതിനുമാണത്.
(36) നിങ്ങള്‍ക്ക് വല്ലതും നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഐഹികജീവിതത്തിലെ (താല്‍ക്കാലിക) വിഭവം മാത്രമാകുന്നു. അല്ലാഹുവിന്‍റെ പക്കലുള്ളത് കൂടുതല്‍ ഉത്തമവും കൂടുതല്‍ നീണ്ടുനില്‍ക്കുന്നതുമാകുന്നു. വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്തവര്‍ക്കുള്ളതത്രെ അത്.
(37) മഹാപാപങ്ങളും നീചവൃത്തികളും വര്‍ജ്ജിക്കുന്നവരും, കോപം വന്നാലും പൊറുക്കുന്നവരുമായിട്ടുള്ളവര്‍ക്ക്.
(38) തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, തങ്ങളുടെ കാര്യം തീരുമാനിക്കുന്നത് അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്കും.
(39) തങ്ങള്‍ക്ക് വല്ല മര്‍ദ്ദനവും നേരിട്ടാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവര്‍ക്കും.
(40) ഒരു തിന്‍മയ്ക്കുള്ള പ്രതിഫലം അതുപോലുള്ള ഒരു തിന്‍മതന്നെയാകുന്നു. എന്നാല്‍ ആരെങ്കിലും മാപ്പുനല്‍കുകയും രഞ്ജിപ്പുണ്ടാക്കുകയും ആണെങ്കില്‍ അവന്നുള്ള പ്രതിഫലം അല്ലാഹുവിന്‍റെ ബാധ്യതയിലാകുന്നു. തീര്‍ച്ചയായും അവന്‍ അക്രമം പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല.
(41) താന്‍ മര്‍ദ്ദിക്കപ്പെട്ടതിന് ശേഷം വല്ലവനും രക്ഷാനടപടി സ്വീകരിക്കുന്ന പക്ഷം അത്തരക്കാര്‍ക്കെതിരില്‍ (കുറ്റം ചുമത്താന്‍) യാതൊരു മാര്‍ഗവുമില്ല.
(42) ജനങ്ങളോട് അനീതി കാണിക്കുകയും ന്യായമില്ലാതെ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കെതിരില്‍ മാത്രമേ (കുറ്റം ചുമത്താന്‍) മാര്‍ഗമുള്ളൂ. അത്തരക്കാര്‍ക്ക് തന്നെയാകുന്നു വേദനയേറിയ ശിക്ഷയുള്ളതും.
(43) വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു.
(44) അല്ലാഹു ഏതൊരുവനെ വഴിപിഴവിലാക്കിയോ അവന്ന് അതിന് ശേഷം യാതൊരു രക്ഷാധികാരിയുമില്ല. ശിക്ഷ നേരില്‍ കാണുമ്പോള്‍ ഒരു തിരിച്ചുപോക്കിന് വല്ല മാര്‍ഗവുമുണ്ടോ എന്ന് അക്രമകാരികള്‍ പറയുന്നതായി നിനക്ക് കാണാം.