(96) ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷെ അവര്‍ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്ത് വെച്ചിരുന്നതിന്‍റെ ഫലമായി നാം അവരെ പിടികൂടി.
(97) എന്നാല്‍ ആ നാടുകളിലുള്ളവര്‍ക്ക് അവര്‍ രാത്രിയില്‍ ഉറങ്ങിക്കൊണ്ടിരിക്കെ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റി അവര്‍ നിര്‍ഭയരായിരിക്കുകയാണോ?
(98) ആ നാടുകളിലുള്ളവര്‍ക്ക് അവര്‍ പകല്‍ സമയത്ത് കളിച്ചു നടക്കുന്നതിനിടയില്‍ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെ പറ്റിയും അവര്‍ നിര്‍ഭയരായിരിക്കുകയാണോ?
(99) അപ്പോള്‍ അല്ലാഹുവിന്‍റെ തന്ത്രത്തെപ്പറ്റി തന്നെ അവര്‍ നിര്‍ഭയരായിരിക്കുകയാണോ? എന്നാല്‍ നഷ്ടം പറ്റിയ ഒരു ജനവിഭാഗമല്ലാതെ അല്ലാഹുവിന്‍റെ തന്ത്രത്തെപ്പറ്റി നിര്‍ഭയരായിരിക്കുകയില്ല.
(100) (പഴയ) അവകാശികള്‍ക്കു ശേഷം ഭൂമിയുടെ അനന്തരാവകാശികളായിത്തീരുന്നവര്‍ക്ക് നാം ഉദ്ദേശിക്കുകയാണെങ്കില്‍ അവരുടെ കുറ്റകൃത്യങ്ങളുടെ ഫലമായി നാം ശിക്ഷ ഏല്‍പിക്കുന്നതാണ് എന്ന ബോധം അവരെ നേര്‍വഴിക്ക് നയിക്കുന്നില്ലേ? നാം അവരുടെ ഹൃദയങ്ങളില്‍ മുദ്രവെക്കുകയും ചെയ്യും. അപ്പോള്‍ അവര്‍ (ഒന്നും) കേട്ടു മനസ്സിലാക്കാത്തവരായിത്തീരും.
(101) ആ നാടുകളുടെ വൃത്താന്തങ്ങളില്‍ ചിലത് നാം നിനക്ക് വിവരിച്ചുതരികയാണ്. അവരിലേക്കയക്കപ്പെട്ട ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. എന്നിട്ടും മുമ്പ് അവര്‍ നിഷേധിച്ചു തള്ളിയിരുന്നതില്‍ അവര്‍ വിശ്വസിക്കുകയുണ്ടായില്ല. സത്യനിഷേധികളുടെ ഹൃദയങ്ങളിന്‍മേല്‍ അപ്രകാരം അല്ലാഹു മുദ്രവെക്കും.
(102) അവരില്‍ അധികപേര്‍ക്കും കരാറുപാലിക്കുന്ന സ്വഭാവം നാം കണ്ടില്ല. തീര്‍ച്ചയായും അവരില്‍ അധികപേരെയും ധിക്കാരികളായിത്തന്നെയാണ് നാം കണ്ടെത്തിയത്.
(103) പിന്നീട് അവരുടെയൊക്കെ ശേഷം മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്‍റെയും അവന്‍റെ പ്രമാണിമാരുടെയും അടുക്കലേക്ക് നാം നിയോഗിച്ചു. എന്നാല്‍ അവര്‍ ആ ദൃഷ്ടാന്തങ്ങളോട് അന്യായം കാണിക്കുകയാണ് ചെയ്തത്. അപ്പോള്‍ നോക്കൂ; ആ നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്.
(104) മൂസാ പറഞ്ഞു: ഫിര്‍ഔനേ, തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു.