(56) അന്നേദിവസം ആധിപത്യം അല്ലാഹുവിനായിരിക്കും. അവന്‍ അവര്‍ക്കിടയില്‍ വിധികല്‍പിക്കും. എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ സുഖാനുഭവത്തിന്‍റെ സ്വര്‍ഗത്തോപ്പുകളിലായിരിക്കും.
(57) അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്.
(58) അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞതിന് ശേഷം കൊല്ലപ്പെടുകയോ, മരിക്കുകയോ ചെയ്തവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു ഉത്തമമായ ഉപജീവനം നല്‍കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമന്‍.
(59) അവര്‍ക്ക് തൃപ്തികരമായ ഒരു സ്ഥലത്ത് തീര്‍ച്ചയായും അല്ലാഹു അവരെ പ്രവേശിപ്പിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും ക്ഷമാശീലനുമാകുന്നു.
(60) അത് (അങ്ങനെതന്നെയാകുന്നു.) താന്‍ ശിക്ഷിക്കപ്പെട്ടതിന് തുല്യമായ ശിക്ഷയിലൂടെ വല്ലവനും പ്രതികാരം ചെയ്യുകയും, പിന്നീട് അവന്‍ അതിക്രമത്തിന് ഇരയാവുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവനെ സഹായിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പ് ചെയ്യുന്നവനും പൊറുക്കുന്നവനുമത്രെ.
(61) അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് രാവിനെ പകലില്‍ പ്രവേശിപ്പിക്കുകയും, പകലിനെ രാവില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നത്. അല്ലാഹുവാണ് എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നവന്‍.
(62) അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്‍ ഏതൊന്നിനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അതുതന്നെയാണ് നിരര്‍ത്ഥകമായിട്ടുള്ളത്. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍.
(63) അല്ലാഹു ആകാശത്ത് നിന്ന് വെള്ളമിറക്കിയിട്ട് അതുകൊണ്ടാണ് ഭൂമി പച്ചപിടിച്ചതായിത്തീരുന്നത് എന്ന് നീ മനസ്സിലാക്കിയിട്ടില്ലേ? തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.
(64) അവന്റേതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു.