(45) അങ്ങനെ ആ അക്രമികളായ ജനത നിശ്ശേഷം നശിപ്പിക്കപ്പെട്ടു. ലോകരക്ഷിതാവായ അല്ലാഹുവിന്ന് സ്തുതി.
(46) (നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയോ? അല്ലാഹു നിങ്ങളുടെ കേള്‍വിയും കാഴ്ചകളും പിടിച്ചെടുക്കുകയും, നിങ്ങളുടെ ഹൃദയങ്ങളിന്‍മേല്‍ അവന്‍ മുദ്രവെക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവല്ലാതെ ഏതൊരു ദൈവമാണ് നിങ്ങള്‍ക്കത് കൊണ്ടുവന്ന് തരാനുള്ളത്? നോക്കൂ: ഏതെല്ലാം വിധത്തില്‍ നാം തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നു. എന്നിട്ടും അവര്‍ പിന്തിരിഞ്ഞ് കളയുന്നു.
(47) (നബിയേ,) പറയുക: നിങ്ങളൊന്ന് പറഞ്ഞുതരൂ; നിങ്ങള്‍ക്ക് അവിചാരിതമായിട്ടോ പ്രത്യക്ഷമായിട്ടോ അല്ലാഹുവിന്‍റെ ശിക്ഷ വന്നെത്തുന്ന പക്ഷം അക്രമികളായ ജനവിഭാഗമല്ലാതെ നശിപ്പിക്കപ്പെടുമോ ?
(48) സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരും ആയിട്ടല്ലാതെ നാം ദൂതന്‍മാരെ അയക്കുന്നില്ല. എന്നിട്ട് ആര്‍ വിശ്വസിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല.അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
(49) എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് കളഞ്ഞവരാരോ അവര്‍ക്ക് ശിക്ഷ ബാധിക്കുന്നതാണ്; അവര്‍ ധിക്കാരികളായതിന്‍റെ ഫലമായിട്ട്.
(50) പറയുക: അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ ? നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്?
(51) തങ്ങളുടെ രക്ഷിതാവിങ്കലേക്ക് ഒരുമിച്ചുകൂട്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്ക് ഇത് (ദിവ്യബോധനം) മുഖേന നീ താക്കീത് നല്‍കുക. അവന്നു പുറമെ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും അവര്‍ക്കില്ല. അവര്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം.
(52) തങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹം ലക്ഷ്യമാക്കിക്കൊണ്ട് രാവിലെയും വൈകുന്നേരവും അവനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നവരെ നീ ആട്ടിയകറ്റരുത്. അവരുടെ കണക്ക് നോക്കേണ്ട യാതൊരു ബാധ്യതയും നിനക്കില്ല. നിന്‍റെ കണക്ക് നോക്കേണ്ട യാതൊരു ബാധ്യതയും അവര്‍ക്കുമില്ല. എങ്കിലല്ലേ നീ അവരെ ആട്ടിയകറ്റേണ്ടി വരുന്നത് ? അങ്ങനെ ചെയ്യുന്ന പക്ഷം നീ അക്രമികളില്‍ പെട്ടവനായിരിക്കും.