(26) സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്. ഇരുളോ അപമാനമോ അവരുടെ മുഖത്തെ തീണ്ടുകയില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
(27) തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ക്കാകട്ടെ തിന്‍മയ്ക്കുള്ള പ്രതിഫലം അതിന് തുല്യമായതു തന്നെയായിരിക്കും. അപമാനം അവരെ ബാധിക്കുകയും ചെയ്യും. അല്ലാഹുവില്‍ നിന്ന് അവരെ രക്ഷിക്കുന്ന ഒരാളുമില്ല. ഇരുണ്ട രാവിന്‍റെ കഷ്ണങ്ങള്‍കൊണ്ട് അവരുടെ മുഖങ്ങള്‍ പൊതിഞ്ഞതു പോലെയിരിക്കും. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
(28) അവരെയെല്ലാം നാം ഒരുമിച്ചുകൂട്ടുകയും, എന്നിട്ട് ബഹുദൈവവിശ്വാസികളോട് നിങ്ങളും നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തവരും അവിടെത്തന്നെ നില്‍ക്കൂ. എന്ന് പറയുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ.) അനന്തരം നാം അവരെ തമ്മില്‍ വേര്‍പെടുത്തും. അവര്‍ പങ്കാളികളായി ചേര്‍ത്തവര്‍ പറയും: നിങ്ങള്‍ ഞങ്ങളെയല്ല ആരാധിച്ചിരുന്നത്.
(29) അതിനാല്‍ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. നിങ്ങളുടെ ആരാധനയെപ്പറ്റി ഞങ്ങള്‍ തീര്‍ത്തും അറിവില്ലാത്തവരായിരുന്നു.
(30) അവിടെവെച്ച് ഓരോ ആത്മാവും അത് മുന്‍കൂട്ടി ചെയ്തത് പരീക്ഷിച്ചറിയും. അവരുടെ യഥാര്‍ത്ഥ രക്ഷാധികാരിയായ അല്ലാഹുവിങ്കലേക്ക് അവര്‍ മടക്കപ്പെടുകയും, അവര്‍ പറഞ്ഞുണ്ടാക്കിയിരുന്നതെല്ലാം അവരില്‍ നിന്ന് തെറ്റിപ്പോകുകയും ചെയ്യുന്നതാണ്.
(31) പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
(32) അവനാണ് നിങ്ങളുടെ യഥാര്‍ത്ഥ രക്ഷിതാവായ അല്ലാഹു. എന്നിരിക്കെ യഥാര്‍ത്ഥമായുള്ളതിന് പുറമെ വഴികേടല്ലാതെ എന്താണുള്ളത്? അപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ തെറ്റിക്കപ്പെടുന്നത്?
(33) അപ്രകാരം ധിക്കാരം കൈക്കൊണ്ടവരുടെ കാര്യത്തില്‍, അവര്‍ വിശ്വസിക്കുകയില്ല എന്നുള്ള നിന്‍റെ രക്ഷിതാവിന്‍റെ വചനം സത്യമായിരിക്കുന്നു.