(44) സ്വര്‍ഗാവകാശികള്‍ നരകാവകാശികളോട് വിളിച്ചു പറയും: ഞങ്ങളോട് ഞങ്ങളുടെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് ഞങ്ങള്‍ യാഥാര്‍ത്ഥ്യമായി കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ നിങ്ങളുടെ രക്ഷിതാവ് (നിങ്ങളോട്) വാഗ്ദാനം ചെയ്തത് നിങ്ങള്‍ യാഥാര്‍ത്ഥ്യമായി കണ്ടെത്തിയോ? അവര്‍ പറയും: അതെ അപ്പോള്‍ ഒരു വിളംബരക്കാരന്‍ അവര്‍ക്കിടയില്‍ വിളിച്ചുപറയും: അല്ലാഹുവിന്‍റെ ശാപം അക്രമികളുടെ മേലാകുന്നു.
(45) അതായത്, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തടയുകയും, അത് വക്രമാക്കാന്‍ ആഗ്രഹിക്കുകയും, പരലോകത്തില്‍ അവിശ്വസിക്കുകയും ചെയ്യുന്നവരുടെ മേല്‍.
(46) ആ രണ്ടു വിഭാഗത്തിനുമിടയില്‍ ഒരു തടസ്സം ഉണ്ടായിരിക്കും. ഉന്നത സ്ഥലങ്ങളില്‍ ചില ആളുകളുണ്ടായിരിക്കും. ഓരോ വിഭാഗത്തെയും അവരുടെ ലക്ഷണം മുഖേന അവര്‍ തിരിച്ചറിയും. സ്വര്‍ഗാവകാശികളോട് അവര്‍ വിളിച്ചുപറയും: നിങ്ങള്‍ക്കു സമാധാനമുണ്ടായിരിക്കട്ടെ. അവര്‍ (ഉയരത്തുള്ളവര്‍) അതില്‍ (സ്വര്‍ഗത്തില്‍) പ്രവേശിച്ചിട്ടില്ല. അവര്‍ (അത്) ആശിച്ചുകൊണ്ടിരിക്കുകയാണ്.
(47) അവരുടെ ദൃഷ്ടികള്‍ നരകാവകാശികളുടെ നേരെ തിരിക്കപ്പെട്ടാല്‍ അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ജനങ്ങളുടെ കൂട്ടത്തിലാക്കരുതേ.
(48) ഉയര്‍ന്ന സ്ഥലങ്ങളിലുള്ളവര്‍ ലക്ഷണം മുഖേന അവര്‍ക്ക് തിരിച്ചറിയാവുന്ന ചില ആളുകളെ വിളിച്ചുകൊണ്ട് പറയും: നിങ്ങള്‍ ശേഖരിച്ചിരുന്നതും, നിങ്ങള്‍ അഹങ്കരിച്ചിരുന്നതും നിങ്ങള്‍ക്കെന്തൊരു പ്രയോജനമാണ് ചെയ്തത്?
(49) ഇക്കൂട്ടരെപ്പറ്റിയാണോ അല്ലാഹു അവര്‍ക്കൊരു കാരുണ്യവും നല്‍കുകയില്ലെന്ന് നിങ്ങള്‍ സത്യം ചെയ്ത് പറഞ്ഞത്? (എന്നാല്‍ അവരോടാണല്ലോ) നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക, നിങ്ങള്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല, നിങ്ങള്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (എന്ന് പറയപ്പെട്ടിരിക്കുന്നത്!)
(50) നരകാവകാശികള്‍ സ്വര്‍ഗാവകാശികളെ വിളിച്ചുപറയും: ഞങ്ങള്‍ക്ക് അല്‍പം വെള്ളമോ, അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഉപജീവനത്തില്‍ നിന്ന് അല്‍പമോ നിങ്ങള്‍ ചൊരിഞ്ഞുതരണേ! അവര്‍ പറയും: സത്യനിഷേധികള്‍ക്കു അല്ലാഹു അത് രണ്ടും തീര്‍ത്തും വിലക്കിയിരിക്കുകയാണ്.
(51) (അതായത്) തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ടു വഞ്ചിതരാവുകയും ചെയ്തവര്‍ക്ക്. അതിനാല്‍ അവരുടെതായ ഈ ദിവസത്തെ കണ്ടുമുട്ടുമെന്നത് അവര്‍ മറന്നുകളഞ്ഞത് പോലെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞിരുന്നത് പോലെ ഇന്ന് അവരെ നാം മറന്നുകളയുന്നു.