(55) അവരുടെ സ്വത്തുക്കളും സന്താനങ്ങളും നിന്നെ ആശ്ചര്യപ്പെടുത്താതിരിക്കട്ടെ! അവ മുഖേന ഇഹലോകജീവിതത്തില്‍ അവരെ ശിക്ഷിക്കണമെന്നും, സത്യനിഷേധികളായിരിക്കെതന്നെ അവര്‍ ജീവനാശമടയണമെന്നും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.
(56) തീര്‍ച്ചയായും അവര്‍ നിങ്ങളുടെ കൂട്ടത്തില്‍ പെട്ടവരാണെന്ന് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്തു പറയും. എന്നാല്‍ അവര്‍ നിങ്ങളുടെ കൂട്ടത്തില്‍ പെട്ടവരല്ല. പക്ഷെ അവര്‍ പേടിച്ചു കഴിയുന്ന ഒരു ജനവിഭാഗമാകുന്നു.
(57) ഏതെങ്കിലും അഭയസ്ഥാനമോ, ഗുഹകളോ, കടന്ന് കൂടാന്‍ പറ്റിയ ഏതെങ്കിലും സ്ഥലമോ അവര്‍ കണ്ടെത്തുകയാണെങ്കില്‍ കുതറിച്ചാടിക്കൊണ്ട് അവരങ്ങോട്ട് തിരിഞ്ഞുപോകുന്നതാണ്.
(58) അവരുടെ കൂട്ടത്തില്‍ ദാനധര്‍മ്മങ്ങളുടെ കാര്യത്തില്‍ നിന്നെ ആക്ഷേപിക്കുന്ന ചിലരുണ്ട്. അതില്‍ നിന്ന് അവര്‍ക്ക് നല്‍കപ്പെടുന്ന പക്ഷം അവര്‍ തൃപ്തിപ്പെടും. അവര്‍ക്കതില്‍ നിന്ന് നല്‍കപ്പെട്ടില്ലെങ്കിലോ അവരതാ കോപിക്കുന്നു.
(59) അല്ലാഹുവും അവന്‍റെ റസൂലും കൊടുത്തതില്‍ അവര്‍ തൃപ്തിയടയുകയും, ഞങ്ങള്‍ക്ക് അല്ലാഹു മതി, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവനും അവന്‍റെ റസൂലും ഞങ്ങള്‍ക്ക് തന്നുകൊള്ളും. തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിങ്കലേക്കാണ് ആഗ്രഹങ്ങള്‍ തിരിക്കുന്നത്. എന്ന് അവര്‍ പറയുകയും ചെയ്തിരുന്നെങ്കില്‍ (എത്ര നന്നായിരുന്നേനെ!)
(60) ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
(61) നബിയെ ദ്രോഹിക്കുകയും അദ്ദേഹം എല്ലാം ചെവിക്കൊള്ളുന്ന ആളാണ് എന്ന് പറയുകയും ചെയ്യുന്ന ചിലര്‍ അവരുടെ കൂട്ടത്തിലുണ്ട്. പറയുക: അദ്ദേഹം നിങ്ങള്‍ക്ക് ഗുണമുള്ളത് ചെവിക്കൊള്ളുന്ന ആളാകുന്നു. അദ്ദേഹം അല്ലാഹുവില്‍ വിശ്വസിക്കുന്നു. യഥാര്‍ത്ഥവിശ്വാസികളെയും അദ്ദേഹം വിശ്വസിക്കുന്നു. നിങ്ങളില്‍ നിന്ന് വിശ്വസിച്ചവര്‍ക്ക് ഒരു അനുഗ്രഹവുമാണദ്ദേഹം. അല്ലാഹുവിന്‍റെ ദൂതനെ ദ്രോഹിക്കുന്നവരാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്.