(56) ലൂത്വിന്‍റെ അനുയായികളെ നിങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കുക, അവര്‍ ശുദ്ധിപാലിക്കുന്ന കുറെ ആളുകളാകുന്നു എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി.
(57) അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളെയും നാം രക്ഷപ്പെടുത്തി; അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെ. പിന്‍മാറി നിന്നവരുടെ കൂട്ടത്തിലാണ് നാം അവളെ കണക്കാക്കിയത്.
(58) അവരുടെ മേല്‍ നാം ഒരു മഴ വര്‍ഷിക്കുകയും ചെയ്തു. താക്കീത് നല്‍കപ്പെട്ടവര്‍ക്ക് ലഭിച്ച ആ മഴ എത്രമോശം!
(59) (നബിയേ,) പറയുക: അല്ലാഹുവിന് സ്തുതി. അവന്‍ തെരഞ്ഞെടുത്ത അവന്‍റെ ദാസന്‍മാര്‍ക്ക് സമാധാനം. അല്ലാഹുവാണോ ഉത്തമന്‍; അതല്ല, (അവനോട്) അവര്‍ പങ്കുചേര്‍ക്കുന്നവയോ?
(60) അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ!) എന്നിട്ട് അത് (വെള്ളം) മൂലം കൌതുകമുള്ള ചില തോട്ടങ്ങള്‍ നാം മുളപ്പിച്ചുണ്ടാക്കിത്തരികയും ചെയ്തു. അവയിലെ വൃക്ഷങ്ങള്‍ മുളപ്പിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്ല, അവര്‍ വ്യതിചലിച്ചു പോകുന്ന ഒരു ജനതയാകുന്നു.
(61) അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും, അതിനിടയില്‍ നദികളുണ്ടാക്കുകയും, അതിന് ഉറപ്പ് നല്‍കുന്ന പര്‍വ്വതങ്ങള്‍ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല.
(62) അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.
(63) അഥവാ കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക് വഴി കാണിക്കുകയും, തന്‍റെ കാരുണ്യത്തിന് മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകള്‍ അയക്കുകയും ചെയ്യുന്നവനോ? (അതല്ല, നിങ്ങളുടെദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അല്ലാഹു അതീതനായിരിക്കുന്നു.