(17) ഈ ദിവസം ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചതിനുള്ള പ്രതിഫലം നല്‍കപ്പെടും. ഈ ദിവസം അനീതിയില്ല. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്കു നോക്കുന്നവനാകുന്നു.
(18) ആസന്നമായ ആ സംഭവത്തിന്‍റെ ദിവസത്തെപ്പറ്റി നീ അവര്‍ക്ക് മുന്നറിയിപ്പു നല്‍കുക. അതായത് ഹൃദയങ്ങള്‍ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന, അവര്‍ ശ്വാസമടക്കിപ്പിടിച്ചവരായിരിക്കുന്ന സന്ദര്‍ഭം. അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല.
(19) കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങള്‍ മറച്ച് വെക്കുന്നതും അവന്‍ (അല്ലാഹു) അറിയുന്നു.
(20) അല്ലാഹു സത്യപ്രകാരം തീര്‍പ്പുകല്‍പിക്കുന്നു. അവന്ന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരാകട്ടെ യാതൊന്നിലും തീര്‍പ്പുകല്‍പിക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും കണ്ടറിയുന്നവനും.
(21) ഇവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ? അപ്പോള്‍ ഇവര്‍ക്ക് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് ഇവര്‍ക്ക് നോക്കാമല്ലോ. അവര്‍ ശക്തികൊണ്ടും ഭൂമിയില്‍ (അവശേഷിപ്പിച്ച) സ്മാരകങ്ങള്‍കൊണ്ടും ഇവരെക്കാള്‍ കരുത്തരായിരുന്നു. എന്നിട്ട് അവരുടെ പാപങ്ങള്‍ നിമിത്തം അല്ലാഹു അവരെ പിടികൂടി. അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് കാവല്‍ നല്‍കാന്‍ ആരുമുണ്ടായില്ല.
(22) അതെന്തുകൊണ്ടെന്നാല്‍ അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെല്ലാറുണ്ടായിരുന്നു. എന്നിട്ട് അവര്‍ അവിശ്വസിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹു അവരെ പിടികൂടി. തീര്‍ച്ചയായും അവന്‍ ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമത്രെ.
(23) തീര്‍ച്ചയായും നാം നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവും കൊണ്ട് മൂസായെ അയക്കുകയുണ്ടായി
(24) ഫിര്‍ഔന്‍റെയും ഹാമാന്‍റെയും ഖാറൂന്‍റെയും അടുക്കലേക്ക് . അപ്പോള്‍ അവര്‍ പറഞ്ഞു: വ്യാജവാദിയായ ഒരു ജാലവിദ്യക്കാരന്‍ എന്ന്.
(25) അങ്ങനെ നമ്മുടെ പക്കല്‍ നിന്നുള്ള സത്യവും കൊണ്ട് അദ്ദേഹം അവരുടെ അടുക്കല്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇവനോടൊപ്പം വിശ്വസിച്ചവരുടെ ആണ്‍മക്കളെ നിങ്ങള്‍ കൊന്നുകളയുകയും അവരുടെ സ്ത്രീകളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക. (പക്ഷെ) സത്യനിഷേധികളുടെ കുതന്ത്രം വഴികേടില്‍ മാത്രമേ കലാശിക്കൂ.