(31) തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക് വിജയമുണ്ട്.
(32) അതായത് (സ്വര്‍ഗത്തിലെ) തോട്ടങ്ങളും മുന്തിരികളും,
(33) തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും.
(34) നിറഞ്ഞ പാനപാത്രങ്ങളും.
(35) അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാര്‍ത്തയോ അവര്‍ കേള്‍ക്കുകയില്ല.
(36) (അത്) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു.
(37) ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും പരമകാരുണികനുമായുള്ളവന്‍റെ (സമ്മാനം.) അവനുമായി സംഭാഷണത്തില്‍ ഏര്‍പെടാന്‍ അവര്‍ക്കു സാധിക്കുകയില്ല.
(38) റൂഹും മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല.
(39) അതത്രെ യഥാര്‍ത്ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്‍റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ.
(40) ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത് നോക്കിക്കാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം.
النازعات An-Naazi'aat
(1) (അവിശ്വാസികളിലേക്ക്) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം.
(2) (സത്യവിശ്വാസികളുടെ ആത്മാവുകളെ) സൌമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ, സത്യം.
(3) ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം.
(4) എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം.
(5) കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.
(6) ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം.
(7) അതിനെ തുടര്‍ന്ന് അതിന്‍റെ പിന്നാലെ മറ്റൊന്നും
(8) ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും.
(9) അവയുടെ കണ്ണുകള്‍ അന്ന് കീഴ്പോട്ടു താഴ്ന്നിരിക്കും.
(10) അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ?
(11) നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ?)
(12) അവര്‍ പറയുകയാണ്: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്.
(13) അത് ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും.
(14) അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു.
(15) മൂസാനബിയുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ?