(8) ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വര്‍ഗങ്ങളില്‍ അവരെയും അവരുടെ മാതാപിതാക്കളെയും, ഭാര്യമാര്‍, സന്തതികള്‍ എന്നിവരില്‍ നിന്നു സദ്‌വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീര്‍ച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും.
(9) അവരെ നീ തിന്‍മകളില്‍ നിന്ന് കാക്കുകയും ചെയ്യേണമേ. അന്നേ ദിവസം നീ ഏതൊരാളെ തിന്‍മകളില്‍ നിന്ന് കാക്കുന്നുവോ, അവനോട് തീര്‍ച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു. അതു തന്നെയാകുന്നു മഹാഭാഗ്യം.
(10) തീര്‍ച്ചയായും സത്യനിഷേധികളോട് ഇപ്രകാരം വിളിച്ചുപറയപ്പെടും: നിങ്ങള്‍ വിശ്വാസത്തിലേക്ക് ക്ഷണിക്കപ്പെടുകയും, എന്നിട്ട് നിങ്ങള്‍ അവിശ്വസിക്കുകയും ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ അല്ലാഹുവിന് (നിങ്ങളോടുള്ള) അമര്‍ഷം നിങ്ങള്‍ തമ്മിലുള്ള അമര്‍ഷത്തെക്കാള്‍ വലുതാകുന്നു.
(11) അവര്‍ പറയും: ഞങ്ങളുടെ നാഥാ! രണ്ടുപ്രാവശ്യം നീ ഞങ്ങളെ നിര്‍ജീവാവസ്ഥയിലാക്കുകയും രണ്ടുപ്രാവശ്യം നീ ഞങ്ങള്‍ക്ക് ജീവന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഞങ്ങളിതാ ഞങ്ങളുടെ കുറ്റങ്ങള്‍ സമ്മതിച്ചിരിക്കുന്നു. ആകയാല്‍ ഒന്നു പുറത്ത്പോകേണ്ടതിലേക്ക് വല്ല മാര്‍ഗവുമുണ്ടോ?
(12) അല്ലാഹുവോട് മാത്രം പ്രാര്‍ത്ഥിക്കപ്പെട്ടാല്‍ നിങ്ങള്‍ അവിശ്വസിക്കുകയും, അവനോട് പങ്കാളികള്‍ കൂട്ടിചേര്‍ക്കപ്പെട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തിരുന്നത് നിമിത്തമത്രെ അത്. എന്നാല്‍ (ഇന്ന്) വിധികല്‍പിക്കാനുള്ള അധികാരം ഉന്നതനും മഹാനുമായ അല്ലാഹുവിനാകുന്നു.
(13) അവനാണ് നിങ്ങള്‍ക്ക് തന്‍റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതരുന്നത്. ആകാശത്ത് നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം ഇറക്കിത്തരികയും ചെയ്യുന്നു. (അവങ്കലേക്ക്) മടങ്ങുന്നവര്‍ മാത്രമേ ആലോചിച്ച് ഗ്രഹിക്കുകയുള്ളൂ.
(14) അതിനാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. അവിശ്വാസികള്‍ക്ക് അനിഷ്ടകരമായാലും ശരി.
(15) അവന്‍ പദവികള്‍ ഉയര്‍ന്നവനും സിംഹാസനത്തിന്‍റെ അധിപനുമാകുന്നു. തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്‍റെ സന്ദേശമാകുന്ന ചൈതന്യം അവന്‍ നല്‍കുന്നു. (മനുഷ്യര്‍) പരസ്പരം കണ്ടുമുട്ടുന്ന ദിവസത്തെപ്പറ്റി താക്കീത് നല്‍കുന്നതിന് വേണ്ടിയത്രെ അത്.
(16) അവര്‍ വെളിക്കു വരുന്ന ദിവസമത്രെ അത്. അവരെ സംബന്ധിച്ച് യാതൊരു കാര്യവും അല്ലാഹുവിന്ന് ഗോപ്യമായിരിക്കുകയില്ല. ഈ ദിവസം ആര്‍ക്കാണ് രാജാധികാരം? ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവിന്.