(31) നമ്മുടെ ദൂതന്‍മാര്‍ ഇബ്രാഹീമിന്‍റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ ഈ നാട്ടുകാരെ നശിപ്പിക്കാന്‍ പോകുന്നവരാകുന്നു. തീര്‍ച്ചയായും ഈ നാട്ടുകാര്‍ അക്രമികളായിരിക്കുന്നു.
(32) ഇബ്രാഹീം പറഞ്ഞു: ലൂത്വ് അവിടെ ഉണ്ടല്ലോ. അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അവിടെയുള്ളവരെപ്പറ്റി നമുക്ക് നല്ലവണ്ണം അറിയാം. അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കുടുംബത്തെയും നാം രക്ഷപ്പെടുത്തുക തന്നെ ചെയ്യും. അദ്ദേഹത്തിന്‍റെ ഭാര്യയൊഴികെ. അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നു.
(33) നമ്മുടെ ദൂതന്‍മാര്‍ ലൂത്വിന്‍റെ അടുത്ത് ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹം ദുഃഖിതനാകുകയും, അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാകുകയും ചെയ്തു. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. തങ്കളെയും കുടുംബത്തെയും തീര്‍ച്ചയായും ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്. താങ്കളുടെ ഭാര്യ ഒഴികെ. അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നു.
(34) ഈ നാട്ടുകാരുടെ മേല്‍ അവര്‍ ചെയ്തുകൊണ്ടിരുന്ന അധര്‍മ്മത്തിന്‍റെ ഫലമായി ആകാശത്തു നിന്ന് ഞങ്ങള്‍ ഒരു ശിക്ഷ ഇറക്കുന്നതാണ്.
(35) തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ആളുകള്‍ക്ക് വ്യക്തമായ ഒരു ദൃഷ്ടാന്തം നാം അവശേഷിപ്പിച്ചിട്ടുണ്ട്.
(36) മദ്‌യങ്കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനേയും (നാം അയച്ചു) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, അന്ത്യദിനത്തെ പ്രതീക്ഷിക്കുകയും ചെയ്യുവിന്‍. നാശകാരികളായിക്കൊണ്ട് നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുത്.
(37) അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുതള്ളി. അതിനാല്‍ ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ അവര്‍ തങ്ങളുടെ വീടുകളില്‍ വീണടിഞ്ഞവരായിത്തീര്‍ന്നു.
(38) ആദ്, ഥമൂദ് സമുദായങ്ങളെയും (നാം നശിപ്പിക്കുകയുണ്ടായി.) അവരുടെ വാസസ്ഥലങ്ങളില്‍ നിന്ന് നിങ്ങള്‍ക്കത് വ്യക്തമായി മനസ്സിലായിട്ടുണ്ട്. പിശാച് അവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും അവരെ ശരിയായ മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്തു. (വാസ്തവത്തില്‍) അവര്‍ കണ്ടറിയുവാന്‍ കഴിവുള്ളരായിരുന്നു.