(120) യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല.
(121) നാം ഈ ഗ്രന്ഥം നല്‍കിയത് ആര്‍ക്കാണോ അവരത് പാരായണത്തിന്റെ മുറപ്രകാരം പാരായണം ചെയ്യുന്നു. അവരതില്‍ വിശ്വസിക്കുന്നു. എന്നാല്‍ ആരതില്‍ അവിശ്വസിക്കുന്നുവോ അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍.
(122) ഇസ്രായീല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും ജനവിഭാഗങ്ങളില്‍ നിങ്ങളെ ഞാന്‍ ഉല്‍കൃഷ്ടരാക്കിയതും നിങ്ങള്‍ ഓര്‍ക്കുക.
(123) ഒരാള്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒരു ഉപകാരവും ചെയ്യുവാന്‍ പറ്റാത്ത, ഒരാളില്‍ നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടാത്ത, ഒരാള്‍ക്കും ഒരു ശുപാര്‍ശയും പ്രയോജനപ്പെടാത്ത, ആര്‍ക്കും ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസത്തെ (ന്യായവിധിയുടെ ദിവസത്തെ) നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.
(124) ഇബ്രാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ് ചില കല്‍പനകള്‍കൊണ്ട് പരീക്ഷിക്കുകയും, അദ്ദേഹമത് നിറവേറ്റുകയും ചെയ്ത കാര്യവും (നിങ്ങള്‍ അനുസ്മരിക്കുക.) അല്ലാഹു (അപ്പോള്‍) അദ്ദേഹത്തോട് പറഞ്ഞു: ഞാന്‍ നിന്നെ മനുഷ്യര്‍ക്ക് നേതാവാക്കുകയാണ്. ഇബ്രാഹീം പറഞ്ഞു: എന്റെ സന്തതികളില്‍പ്പെട്ടവരെയും (നേതാക്കളാക്കണമേ.) അല്ലാഹു പറഞ്ഞു: (ശരി; പക്ഷെ) എന്റെ ഈ നിശ്ചയം അതിക്രമകാരികള്‍ക്ക് ബാധകമായിരിക്കുകയില്ല
(125) ആ ഭവനത്തെ (കഅ്ബയെ) ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും (ഓര്‍ക്കുക.) ഇബ്രാഹീം നിന്ന് പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര (പ്രാര്‍ത്ഥന) വേദിയായി സ്വീകരിക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പന നല്‍കിയത്, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ് (ഭജന) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വര്‍ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു.
(126) എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്രാഹീം പ്രാര്‍ത്ഥിച്ച സന്ദര്‍ഭവും (ഓര്‍ക്കുക) അല്ലാഹു പറഞ്ഞു: അവിശ്വസിച്ചവന്നും (ഞാന്‍ ആഹാരം നല്‍കുന്നതാണ്.) പക്ഷെ, അല്‍പകാലത്തെ ജീവിതസുഖം മാത്രമാണ് അവന്ന് ഞാന്‍ നല്‍കുക. പിന്നീട് നരകശിക്ഷ ഏല്‍ക്കാന്‍ ഞാന്‍ അവനെ നിര്‍ബന്ധിതനാക്കുന്നതാണ്. (അവന്ന്) ചെന്നു ചേരാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ.