(54) നീ പറയുക: നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുവിന്‍. റസൂലിനെയും നിങ്ങള്‍ അനുസരിക്കുവിന്‍. എന്നാല്‍ നിങ്ങള്‍ പിന്തിരിയുന്ന പക്ഷം അദ്ദേഹം (റസൂല്‍) ചുമതലപ്പെടുത്തപ്പെട്ട കാര്യത്തില്‍ മാത്രമാണ് അദ്ദേഹത്തിന് ബാധ്യതയുള്ളത്. നിങ്ങള്‍ക്ക് ബാധ്യതയുള്ളത് നിങ്ങള്‍ ചുമതല ഏല്‍പിക്കപ്പെട്ട കാര്യത്തിലാണ്. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സന്‍മാര്‍ഗം പ്രാപിക്കാം. റസൂലിന്‍റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു.
(55) നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.
(56) നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.
(57) സത്യനിഷേധികള്‍ ഭൂമിയില്‍ (അല്ലാഹുവെ) തോല്‍പിച്ച് കളയുന്നവരാണെന്ന് നീ വിചാരിക്കരുത്. അവരുടെ വാസസ്ഥലം നരകമാകുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്ത.
(58) സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവ (അടിമകള്‍) രും, നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് സന്ദര്‍ഭങ്ങളില്‍ നിങ്ങളോട് (പ്രവേശനത്തിന്) അനുവാദം തേടിക്കൊള്ളട്ടെ. പ്രഭാതനമസ്കാരത്തിനു മുമ്പും, ഉച്ചസമയത്ത് (ഉറങ്ങുവാന്‍) നിങ്ങളുടെ വസ്ത്രങ്ങള്‍ മേറ്റീവ്ക്കുന്ന സമയത്തും, ഇശാ നമസ്കാരത്തിന് ശേഷവും. നിങ്ങളുടെ മൂന്ന് സ്വകാര്യ സന്ദര്‍ഭങ്ങളത്രെ ഇത്. ഈ സന്ദര്‍ഭങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്കോ അവര്‍ക്കോ (കൂടിക്കലര്‍ന്ന് ജീവിക്കുന്നതിന്) യാതൊരു കുറ്റവുമില്ല. അവര്‍ നിങ്ങളുടെ അടുത്ത് ചുറ്റി നടക്കുന്നവരത്രെ. നിങ്ങള്‍ അന്യോന്യം ഇടകലര്‍ന്ന് വര്‍ത്തിക്കുന്നു. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.