(61) തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാല്‍ അതിനെ (അന്ത്യസമയത്തെ) പ്പറ്റി നിങ്ങള്‍ സംശയിച്ചു പോകരുത്. എന്നെ നിങ്ങള്‍ പിന്തുടരുക. ഇതാകുന്നു നേരായ പാത.
(62) പിശാച് (അതില്‍ നിന്ന്) നിങ്ങളെ തടയാതിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷശത്രുവാകുന്നു.
(63) വ്യക്തമായ തെളിവുകളും കൊണ്ട് ഈസാ വന്നിട്ട് ഇപ്രകാരം പറഞ്ഞു: തീര്‍ച്ചയായും വിജ്ഞാനവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തികൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ചിലത് ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരാന്‍ വേണ്ടിയും. ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
(64) തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു എന്‍റെ രക്ഷിതാവും, നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ പാത.
(65) എന്നിട്ട് അവര്‍ക്കിടയിലുള്ള കക്ഷികള്‍ ഭിന്നിച്ചു. അതിനാല്‍ അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് വേദനയേറിയ ഒരു ദിവസത്തെ ശിക്ഷ മൂലം നാശം!
(66) അവര്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് ആ അന്ത്യസമയം അവര്‍ക്ക് വന്നെത്തുന്നതിനെയല്ലാതെ അവര്‍ നോക്കിയിരിക്കുന്നുണ്ടോ?
(67) സുഹൃത്തുക്കള്‍ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ.
(68) എന്‍റെ ദാസന്‍മാരേ, ഇന്ന് നിങ്ങള്‍ക്ക് യാതൊരു ഭയവുമില്ല. നിങ്ങള്‍ ദുഃഖിക്കേണ്ടതുമില്ല.
(69) നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും കീഴ്പെട്ടു ജീവിക്കുന്നവരായിരിക്കുകയും ചെയ്തവരത്രെ(നിങ്ങള്‍)
(70) നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷഭരിതരായികൊണ്ട് സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക.
(71) സ്വര്‍ണത്തിന്‍റെ തളികകളും പാനപാത്രങ്ങളും അവര്‍ക്ക് ചുറ്റും കൊണ്ടു നടക്കപ്പെടും. മനസ്സുകള്‍ കൊതിക്കുന്നതും കണ്ണുകള്‍ക്ക് ആനന്ദകരവുമായ കാര്യങ്ങള്‍ അവിടെ ഉണ്ടായിരിക്കും. നിങ്ങള്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും.
(72) നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ക്ക് അവകാശപ്പെടുത്തിത്തന്നിട്ടുള്ള സ്വര്‍ഗമത്രെ അത്.
(73) നിങ്ങള്‍ക്കതില്‍ പഴങ്ങള്‍ ധാരാളമായി ഉണ്ടാകും. അതില്‍ നിന്ന് നിങ്ങള്‍ക്ക് ഭക്ഷിക്കാം.