(41) അവരുടെ സന്തതികളെ ഭാരം നിറച്ച കപ്പലില്‍ നാം കയറ്റികൊണ്ട് പോയതും അവര്‍ക്കൊരു ദൃഷ്ടാന്തമാകുന്നു.
(42) അതുപോലെ അവര്‍ക്ക് വാഹനമായി ഉപയോഗിക്കാവുന്ന മറ്റു വസ്തുക്കളും അവര്‍ക്ക് വേണ്ടി നാം സൃഷ്ടിച്ചിട്ടുണ്ട്.
(43) നാം ഉദ്ദേശിക്കുന്ന പക്ഷം നാം അവരെ മുക്കിക്കളയുന്നതാണ്.അപ്പോള്‍ അവര്‍ക്കൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല. അവര്‍ രക്ഷിക്കപ്പെടുന്നതുമല്ല.
(44) നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും, ഒരു നിശ്ചിത കാലം വരെയുള്ള സുഖാനുഭവവും ആയിക്കൊണ്ട് (നാം അവര്‍ക്ക് നല്‍കുന്നത്.) അല്ലാതെ.
(45) നിങ്ങളുടെ മുമ്പില്‍ വരാനിരിക്കുന്നതും, നിങ്ങളുടെ പിന്നില്‍ കഴിഞ്ഞതുമായ ശിക്ഷയെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം എന്ന് അവരോട് പറയപ്പെട്ടാല്‍ (അവരത് അവഗണിക്കുന്നു.)
(46) അവരുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ട ഏതൊരു ദൃഷ്ടാന്തം അവര്‍ക്ക് വന്നെത്തിയാലും അവര്‍ അതില്‍ നിന്ന് തിരിഞ്ഞുകളയാതിരിക്കുന്നില്ല.
(47) നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍ അവിശ്വാസികള്‍ വിശ്വാസികളോട് പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ഭക്ഷണം നല്‍കുമായിരുന്ന ആളുകള്‍ക്ക് ഞങ്ങള്‍ ഭക്ഷണം നല്‍കുകയോ? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാകുന്നു.
(48) അവര്‍ ചോദിക്കുന്നു. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഈ വാഗ്ദത്തം എപ്പോഴാണ് പുലരുക?
(49) ഒരൊറ്റ ഘോരശബ്ദം മാത്രമാണ് അവര്‍ കാത്തിരിക്കുന്നത്. അവര്‍ അന്യോന്യം തര്‍ക്കിച്ച് കൊണ്ടിരിക്കെ അതവരെ പിടികൂടും.
(50) അപ്പോള്‍ യാതൊരു വസ്വിയ്യത്തും നല്‍കാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അവര്‍ക്ക് അവരുടെ കുടുംബത്തിലേക്ക് മടങ്ങാനും ആകുകയില്ല.
(51) കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ അവര്‍ ഖബ്‌റുകളില്‍ നിന്ന് അവരുടെ രക്ഷിതാവിങ്കലേക്ക് കുതിച്ച് ചെല്ലും.
(52) അവര്‍ പറയും: നമ്മുടെ നാശമേ! നമ്മുടെ ഉറക്കത്തില്‍ നിന്ന് നമ്മെ എഴുന്നേല്‍പിച്ചതാരാണ്? ഇത് പരമകാരുണികന്‍ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്‍മാര്‍ സത്യം തന്നെയാണ് പറഞ്ഞത്.
(53) അത് ഒരൊറ്റ ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവര്‍ ഒന്നടങ്കം നമ്മുടെ അടുക്കല്‍ ഹാജരാക്കപ്പെടുന്നു.
(54) അന്നേ ദിവസം യാതൊരാളോടും അനീതി ചെയ്യപ്പെടുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുകയുമില്ല.