(45) ആണ്‍ , പെണ്‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും
(46) ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്
(47) രണ്ടാമത് ജനിപ്പിക്കുക എന്നത് അവന്‍റെ ചുമതലയിലാണെന്നും,
(48) ഐശ്വര്യം നല്‍കുകയും സംതൃപ്തി വരുത്തുകയും ചെയ്തത് അവന്‍ തന്നെയാണ് എന്നും,
(49) അവന്‍ തന്നെയാണ് ശിഅ്‌റാ നക്ഷത്രത്തിന്‍റെ രക്ഷിതാവ്. എന്നുമുള്ള കാര്യങ്ങള്‍.
(50) ആദിമ ജനതയായ ആദിനെ അവനാണ് നശിപ്പിച്ചതെന്നും,
(51) ഥമൂദിനെയും. എന്നിട്ട് (ഒരാളെയും) അവന്‍ അവശേഷിപ്പിച്ചില്ല.
(52) അതിന് മുമ്പ് നൂഹിന്‍റെ ജനതയെയും (അവന്‍ നശിപ്പിച്ചു.) തീര്‍ച്ചയായും അവര്‍ കൂടുതല്‍ അക്രമവും, കൂടുതല്‍ ധിക്കാരവും കാണിച്ചവരായിരുന്നു.
(53) കീഴ്മേല്‍ മറിഞ്ഞ രാജ്യത്തെയും, അവന്‍ തകര്‍ത്തു കളഞ്ഞു.
(54) അങ്ങനെ ആ രാജ്യത്തെ അവന്‍ ഭയങ്കരമായ ഒരു (ശിക്ഷയുടെ) ആവരണം കൊണ്ട് പൊതിഞ്ഞു.
(55) അപ്പോള്‍ നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെപ്പറ്റിയാണ് നീ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്?
(56) ഇദ്ദേഹം (മുഹമ്മദ് നബി) പൂര്‍വ്വികരായ താക്കീതുകാരുടെ കൂട്ടത്തില്‍ പെട്ട ഒരു താക്കീതുകാരന്‍ ആകുന്നു.
(57) സമീപസ്ഥമായ ആ സംഭവം ആസന്നമായിരിക്കുന്നു.
(58) അല്ലാഹുവിന് പുറമെ അതിനെ തട്ടിനീക്കാന്‍ ആരുമില്ല.
(59) അപ്പോള്‍ ഈ വാര്‍ത്തയെപ്പറ്റി നിങ്ങള്‍ അത്ഭുതപ്പെടുകയും,
(60) നിങ്ങള്‍ ചിരിച്ച് കൊണ്ടിരിക്കുകയും നിങ്ങള്‍ കരയാതിരിക്കുകയും,
(61) നിങ്ങള്‍ അശ്രദ്ധയില്‍ കഴിയുകയുമാണോ?.
(62) അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് പ്രണാമം ചെയ്യുകയും (അവനെ) ആരാധിക്കുകയും ചെയ്യുവിന്‍.
القمر Al-Qamar
(1) ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു.
(2) ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത് നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും.
(3) അവര്‍ നിഷേധിച്ചു തള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിത സ്ഥാനം പ്രാപിക്കുന്നതാകുന്നു.
(4) (ദൈവ നിഷേധത്തില്‍ നിന്ന്) അവര്‍ ഒഴിഞ്ഞു നില്‍ക്കാന്‍ പര്യാപ്തമായ കാര്യങ്ങളടങ്ങിയ ചില വൃത്താന്തങ്ങള്‍ തീര്‍ച്ചയായും അവര്‍ക്ക് വന്നുകിട്ടിയിട്ടുണ്ട്.
(5) അതെ, പരിപൂര്‍ണ്ണമായ വിജ്ഞാനം. എന്നിട്ടും താക്കീതുകള്‍ പര്യാപ്തമാകുന്നില്ല.
(6) ആകയാല്‍ (നബിയേ,) നീ അവരില്‍ നിന്ന് പിന്തിരിഞ്ഞ് കളയുക. അനിഷ്ടകരമായ ഒരു കാര്യത്തിലേക്ക് വിളിക്കുന്നവന്‍ വിളിക്കുന്ന ദിവസം.