الجاثية Al-Jaathiya
(1) ഹാമീം.
(2) ഈ വേദഗ്രന്ഥത്തിന്‍റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.
(3) തീര്‍ച്ചയായും ആകാശങ്ങളിലും ഭൂമിയിലും വിശ്വാസികള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.
(4) നിങ്ങളുടെ സൃഷ്ടിപ്പിലും ജന്തുജാലങ്ങളെ അവന്‍ വിന്യസിക്കുന്നതിലുമുണ്ട് ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളും.
(5) രാവും പകലും മാറിമാറി വരുന്നതിലും, അല്ലാഹു ആകാശത്തു നിന്ന് ഉപജീവനം ഇറക്കി അതുമുഖേന ഭൂമിക്ക് അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം ജീവന്‍ നല്‍കിയതിലും, കാറ്റുകളുടെ ഗതി നിയന്ത്രണത്തിലും ചിന്തിച്ചു മനസ്സിലാക്കുന്ന ആളുകള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.
(6) അല്ലാഹുവിന്‍റെ തെളിവുകളത്രെ അവ. സത്യപ്രകാരം നാം നിനക്ക് അവ ഓതികേള്‍പിക്കുന്നു. അല്ലാഹുവിനും അവന്‍റെ തെളിവുകള്‍ക്കും പുറമെ ഇനി ഏതൊരു വൃത്താന്തത്തിലാണ് അവര്‍ വിശ്വസിക്കുന്നത്?
(7) വ്യാജവാദിയും അധര്‍മകാരിയുമായ ഏതൊരാള്‍ക്കും നാശം.
(8) അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ തനിക്ക് ഓതികേള്‍പിക്കപ്പെടുന്നത് അവന്‍ കേള്‍ക്കുകയും എന്നിട്ട് അത് കേട്ടിട്ടില്ലാത്തത് പോലെ അഹങ്കാരിയായിക്കൊണ്ട് ശഠിച്ചു നില്‍ക്കുകയും ചെയ്യുന്നു. ആകയാല്‍ അവന്ന് വേദനയേറിയ ശിക്ഷയെ പറ്റി സന്തോഷവാര്‍ത്ത അറിയിച്ചു കൊള്ളുക.
(9) നമ്മുടെ തെളിവുകളില്‍ നിന്ന് വല്ലതും അവന്‍ അറിഞ്ഞാലോ അവനത് ഒരു പരിഹാസവിഷയമാക്കിക്കളയുകയും ചെയ്യും. അത്തരക്കാര്‍ക്കാകുന്നു അപമാനകരമായ ശിക്ഷ.
(10) അവരുടെ പുറകെ നരകമുണ്ട്. അവര്‍ സമ്പാദിച്ചു വെച്ചിട്ടുള്ളതോ, അല്ലാഹുവിനു പുറമെ അവര്‍ സ്വീകരിച്ചിട്ടുള്ള രക്ഷാധികാരികളോ അവര്‍ക്ക് ഒട്ടും പ്രയോജനം ചെയ്യുകയില്ല. അവര്‍ക്കാണ് കനത്ത ശിക്ഷയുള്ളത്.
(11) ഇത് ഒരു മാര്‍ഗദര്‍ശനമാകുന്നു. തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് കഠിനമായ തരത്തിലുള്ള വേദനയേറിയ ശിക്ഷയുണ്ട്.
(12) അല്ലാഹുവാകുന്നു സമുദ്രത്തെ നിങ്ങള്‍ക്ക് അധീനമാക്കി തന്നവന്‍. അവന്‍റെ കല്‍പന പ്രകാരം അതിലൂടെ കപ്പലുകള്‍ സഞ്ചരിക്കുവാനും, അവന്‍റെ അനുഗ്രഹത്തില്‍നിന്ന് നിങ്ങള്‍ തേടുവാനും, നിങ്ങള്‍ നന്ദികാണിക്കുന്നവരായേക്കാനും വേണ്ടി.
(13) ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തന്‍റെ വകയായി അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.