(52) അദ്ദേഹത്തിന്‍റെ അടുത്ത് കടന്ന് വന്ന് അവര്‍ സലാം എന്ന് പറഞ്ഞ സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെപ്പറ്റി ഭയമുള്ളവരാകുന്നു.
(53) അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെപ്പറ്റി ഞങ്ങളിതാ താങ്കള്‍ക്കു സന്തോഷവാര്‍ത്ത അറിയിക്കുന്നു.
(54) അദ്ദേഹം പറഞ്ഞു: എനിക്ക് വാര്‍ദ്ധക്യം ബാധിച്ചു കഴിഞ്ഞിട്ടാണോ എനിക്ക് നിങ്ങള്‍ (സന്താനത്തെപറ്റി) സന്തോഷവാര്‍ത്ത അറിയിക്കുന്നത്? അപ്പോള്‍ എന്തൊന്നിനെപ്പറ്റിയാണ് നിങ്ങളീ സന്തോഷവാര്‍ത്ത അറിയിക്കുന്നത്?
(55) അവര്‍ പറഞ്ഞു: ഞങ്ങള്‍ താങ്കള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിയിട്ടുള്ളത് ഒരു യാഥാര്‍ത്ഥ്യത്തെപറ്റിതന്നെയാണ്. അതിനാല്‍ താങ്കള്‍ നിരാശരുടെ കൂട്ടത്തിലായിരിക്കരുത്.
(56) അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: തന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ.
(57) അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: ഹേ; ദൂതന്‍മാരേ, എന്നാല്‍ നിങ്ങളുടെ (മുഖ്യ) വിഷയമെന്താണ്?
(58) അവര്‍ പറഞ്ഞു: ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടിരിക്കുകയാണ്.
(59) (എന്നാല്‍) ലൂത്വിന്‍റെ കുടുംബം അതില്‍ നിന്നൊഴിവാണ്. തീര്‍ച്ചയായും അവരെ മുഴുവന്‍ ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്.
(60) അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെ. തീര്‍ച്ചയായും അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു.
(61) അങ്ങനെ ലൂത്വിന്‍റെ കുടുംബത്തില്‍ ആ ദൂതന്‍മാര്‍ വന്നെത്തിയപ്പോള്‍.
(62) അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ അപരിചിതരായ ആളുകളാണല്ലോ.
(63) അവര്‍ (ആ ദൂതന്‍മാരായ മലക്കുകള്‍) പറഞ്ഞു: അല്ല, ഏതൊരു (ശിക്ഷയുടെ) കാര്യത്തില്‍ അവര്‍ (ജനങ്ങള്‍) സംശയിച്ചിരുന്നുവോ അതും കൊണ്ടാണ് ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്.
(64) യാഥാര്‍ത്ഥ്യവും കൊണ്ടാണ് ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു.
(65) അതിനാല്‍ താങ്കളുടെ കുടുംബത്തെയും കൊണ്ട് രാത്രിയില്‍ അല്‍പസമയം ബാക്കിയുള്ളപ്പോള്‍ യാത്രചെയ്ത് കൊള്ളുക. താങ്കള്‍ അവരുടെ പിന്നാലെ അനുഗമിക്കുകയും ചെയ്യുക. നിങ്ങളില്‍ ഒരാളും തിരിഞ്ഞ് നോക്കരുത്. നിങ്ങള്‍ കല്‍പിക്കപ്പെടുന്ന ഭാഗത്തേക്ക് നടന്ന് പോയിക്കൊള്ളുക.
(66) ആ കാര്യം, അതായത് പ്രഭാതമാകുന്നതോടെ ഇക്കൂട്ടരുടെ മുരടുതന്നെ മുറിച്ചുനീക്കപ്പെടുന്നതാണ് എന്ന കാര്യം നാം അദ്ദേഹത്തിന് (ലൂത്വ് നബിക്ക്) ഖണ്ഡിതമായി അറിയിച്ച് കൊടുത്തു.
(67) രാജ്യക്കാര്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് വന്നു.
(68) അദ്ദേഹം (ലൂത്വ്) പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ എന്‍റെ അതിഥികളാണ്. അതിനാല്‍ നിങ്ങളെന്നെ വഷളാക്കരുത്.
(69) നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക.
(70) അവര്‍ പറഞ്ഞു: ലോകരുടെ കാര്യത്തില്‍ (ഇടപെടുന്നതില്‍) നിന്നു നിന്നെ ഞങ്ങള്‍ വിലക്കിയിട്ടില്ലേ?