(94) നീ അവരോട് (യഹൂദരോട്) പറയുക: മറ്റാര്‍ക്കും നല്‍കാതെ നിങ്ങള്‍ക്കുമാത്രമായി അല്ലാഹു നീക്കിവെച്ചതാണ് പരലോകവിജയമെങ്കില്‍ നിങ്ങള്‍ മരിക്കുവാന്‍ കൊതിച്ചുകൊള്ളുക. നിങ്ങളുടെ വാദം സത്യമാണെങ്കില്‍ (അതാണല്ലോ വേണ്ടത്.)
(95) എന്നാല്‍ അവരുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചത് (ദുഷ്കൃത്യങ്ങള്‍) കാരണമായി അവരൊരിക്കലും മരണത്തെ കൊതിക്കുകയില്ല. അതിക്രമകാരികളെപറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു അല്ലാഹു.
(96) തീര്‍ച്ചയായും ജനങ്ങളില്‍ വെച്ച് ജീവിതത്തോട് ഏറ്റവും ആര്‍ത്തിയുള്ളവരായി അവരെ (യഹൂദരെ) നിനക്ക് കാണാം; ബഹുദൈവവിശ്വാസികളെക്കാള്‍ പോലും. അവരില്‍ ഓരോരുത്തരും കൊതിക്കുന്നത് തനിക്ക് ആയിരം കൊല്ലത്തെ ആയുസ്സ് കിട്ടിയിരുന്നെങ്കില്‍ എന്നാണ്. ഒരാള്‍ക്ക് ദീര്‍ഘായുസ്സ് ലഭിക്കുക എന്നത് അയാളെ ദൈവിക ശിക്ഷയില്‍ നിന്ന് അകറ്റിക്കളയുന്ന കാര്യമല്ല. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.
(97) (നബിയേ,) പറയുക: (ഖുര്‍ആന്‍ എത്തിച്ചുതരുന്ന) ജിബ്‌രീല്‍ എന്ന മലക്കിനോടാണ് ആര്‍ക്കെങ്കിലും ശത്രുതയെങ്കില്‍ അദ്ദേഹമത് നിന്റെ മനസ്സില്‍ അവതരിപ്പിച്ചത് അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് മാത്രമാണ്. മുന്‍വേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികള്‍ക്ക് വഴി കാട്ടുന്നതും, സന്തോഷവാര്‍ത്ത നല്‍കുന്നതുമായിട്ടാണ് (അത് അവതരിച്ചിട്ടുള്ളത്).
(98) ആര്‍ക്കെങ്കിലും അല്ലാഹുവോടും അവന്റെ മലക്കുകളോടും അവന്റെ ദൂതന്‍മാരോടും ജിബ്‌രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കില്‍ ആ നിഷേധികളുടെ ശത്രുതന്നെയാകുന്നു അല്ലാഹു.
(99) നാം നിനക്ക് അവതിരിപ്പിച്ചു തന്നിട്ടുള്ളത് സ്പഷ്ടമായ ദൃഷ്ടാന്തങ്ങളാകുന്നു. ധിക്കാരികളല്ലാതെ മറ്റാരും അവയെ നിഷേധിക്കുകയില്ല.
(100) അവര്‍ (യഹൂദര്‍) ഏതൊരു കരാര്‍ ചെയ്തു കഴിയുമ്പോഴും അവരില്‍ ഒരു വിഭാഗം അത് വലിച്ചെറിയുകയാണോ? തന്നെയുമല്ല, അവരില്‍ അധികപേര്‍ക്കും വിശ്വാസം തന്നെയില്ല.
(101) അവരുടെ പക്കലുള്ള വേദത്തെ ശരിവെച്ചു കൊണ്ട് അല്ലാഹുവിന്റെ ഒരു ദൂതന്‍ അവരുടെ അടുത്ത് ചെന്നപ്പോള്‍ ആ വേദക്കാരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ ഗ്രന്ഥത്തെ യാതൊരു പരിചയവുമില്ലാത്തവരെ പോലെ പുറകോട്ട് വലിച്ചെറിയുകയാണ് ചെയ്തത്.