(77) എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ അവിശ്വസിക്കുകയും എനിക്ക് സമ്പത്തും സന്താനവും നല്‍കപ്പെടുക തന്നെ ചെയ്യും. എന്ന് പറയുകയും ചെയ്തവനെ നീ കണ്ടുവോ?
(78) അദൃശ്യകാര്യം അവന്‍ കണ്ടറിഞ്ഞിട്ടുണ്ടോ? അതല്ലെങ്കില്‍ പരമകാരുണികന്‍റെ അടുത്ത് അവന്‍ വല്ല കരാറുമുണ്ടാക്കിയിട്ടുണ്ടോ?
(79) അല്ല, അവന്‍ പറയുന്നത് നാം രേഖപ്പെടുത്തുകയും, അവന്നു ശിക്ഷ കൂട്ടികൊടുക്കുകയും ചെയ്യും.
(80) അവന്‍ ആ പറയുന്നതിനെല്ലാം (സ്വത്തിനും സന്താനത്തിനുമെല്ലാം) നാമായിരിക്കും അനന്തരാവകാശിയാകുന്നത്. അവന്‍ ഏകനായിക്കൊണ്ട് നമ്മുടെ അടുത്ത് വരികയും ചെയ്യും.
(81) അല്ലാഹുവിന് പുറമെ അവര്‍ ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണ്. അവര്‍ ഇവര്‍ക്ക് പിന്‍ബലമാകുന്നതിന് വേണ്ടി.
(82) അല്ല, ഇവര്‍ ആരാധന നടത്തിയ കാര്യം തന്നെ അവര്‍ നിഷേധിക്കുകയും, അവര്‍ ഇവര്‍ക്ക് എതിരായിത്തീരുകയും ചെയ്യുന്നതാണ്.
(83) സത്യനിഷേധികളുടെ നേര്‍ക്ക,് അവരെ ശക്തിയായി ഇളക്കിവിടാന്‍ വേണ്ടി നാം പിശാചുക്കളെ അയച്ചുവിട്ടിരിക്കുകയാണെന്ന് നീ കണ്ടില്ലേ?
(84) അതിനാല്‍ അവരുടെ കാര്യത്തില്‍ നീ തിടുക്കം കാണിക്കേണ്ട. അവര്‍ക്കായി നാം (നാളുകള്‍) എണ്ണി എണ്ണിക്കൊണ്ടിരിക്കുക മാത്രമാകുന്നു.
(85) ധര്‍മ്മനിഷ്ഠയുള്ളവരെ വിശിഷ്ടാതിഥികള്‍ എന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്തേക്ക് നാം വിളിച്ചുകൂട്ടുന്ന ദിവസം.
(86) കുറ്റവാളികളെ ദാഹാര്‍ത്തരായ നിലയില്‍ നരകത്തിലേക്ക് നാം തെളിച്ച് കൊണ്ട് പോകുകയും ചെയ്യുന്ന ദിവസം.
(87) ആര്‍ക്കും ശുപാര്‍ശ ചെയ്യാന്‍ അധികാരമുണ്ടായിരിക്കുകയില്ല. പരമകാരുണികനുമായി കരാറുണ്ടാക്കിയിട്ടുള്ളവനൊഴികെ.
(88) പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു.
(89) (അപ്രകാരം പറയുന്നവരേ,) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു.
(90) അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകും.
(91) (അതെ,) പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം.
(92) സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല.
(93) ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും.
(94) തീര്‍ച്ചയായും അവരെ അവന്‍ തിട്ടപ്പെടുത്തുകയും എണ്ണികണക്കാക്കുകയും ചെയ്തിരിക്കുന്നു.
(95) അവരോരോരുത്തരും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഏകാകിയായിക്കൊണ്ട് അവന്‍റെ അടുക്കല്‍ വരുന്നതാണ്.