(13) ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനം നല്‍കപ്പെടുന്നത് നീ ശ്രദ്ധിച്ച് കേട്ടുകൊള്ളുക.
(14) തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.
(15) തീര്‍ച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കാം.
(16) ആകയാല്‍ അതില്‍ (അന്ത്യസമയത്തില്‍) വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തവര്‍ അതില്‍ (വിശ്വസിക്കുന്നതില്‍) നിന്ന് നിന്നെ തടയാതിരിക്കട്ടെ. അങ്ങനെ സംഭവിക്കുന്ന പക്ഷം നീയും നാശമടയുന്നതാണ്.
(17) അല്ലാഹു പറഞ്ഞു:) ഹേ; മൂസാ, നിന്‍റെ വലതുകയ്യിലുള്ള ആ വസ്തു എന്താകുന്നു?
(18) അദ്ദേഹം പറഞ്ഞു: ഇത് എന്‍റെ വടിയാകുന്നു. ഞാനതിന്‍മേല്‍ ഊന്നി നില്‍ക്കുകയും, അത് കൊണ്ട് എന്‍റെ ആടുകള്‍ക്ക് (ഇല) അടിച്ചുവീഴ്ത്തി കൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് എനിക്ക് വേറെയും ഉപയോഗങ്ങളുണ്ട്.
(19) അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ആ വടി താഴെയിടൂ.
(20) അദ്ദേഹം അത് താഴെയിട്ടു. അപ്പോഴതാ അത് ഒരു പാമ്പായി ഓടുന്നു.
(21) അവന്‍ പറഞ്ഞു: അതിനെ പിടിച്ച് കൊള്ളുക. പേടിക്കേണ്ട. നാം അതിനെ അതിന്‍റെ ആദ്യസ്ഥിതിയിലേക്ക് തന്നെ മടക്കുന്നതാണ്.
(22) നീ നിന്‍റെ കൈ കക്ഷത്തിലേക്ക് ചേര്‍ത്ത് പിടിക്കുക. യാതൊരു ദൂഷ്യവും കൂടാതെ തെളിഞ്ഞ വെള്ളനിറമുള്ളതായി അത് പുറത്ത് വരുന്നതാണ്. അത് മറ്റൊരു ദൃഷ്ടാന്തമത്രെ.
(23) നമ്മുടെ മഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിനക്ക് നം കാണിച്ചുതരുവാന്‍ വേണ്ടിയത്രെ അത്.
(24) നീ ഫിര്‍ഔന്‍റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു.
(25) അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നല്‍കേണമേ.
(26) എനിക്ക് എന്‍റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ.
(27) എന്‍റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ.
(28) ജനങ്ങള്‍ എന്‍റെ സംസാരം മനസ്സിലാക്കേണ്ടതിന്.
(29) എന്‍റെ കുടുംബത്തില്‍ നിന്ന് എനിക്ക് ഒരു സഹായിയെ നീ ഏര്‍പെടുത്തുകയും ചെയ്യേണമേ.
(30) അതായത് എന്‍റെ സഹോദരന്‍ ഹാറൂനെ.
(31) അവന്‍ മുഖേന എന്‍റെ ശക്തി നീ ദൃഢമാക്കുകയും,
(32) എന്‍റെ കാര്യത്തില്‍ അവനെ നീ പങ്കാളിയാക്കുകയും ചെയ്യേണമേ.
(33) ഞങ്ങള്‍ ധാരാളമായി നിന്‍റെ പരിശുദ്ധിയെ വാഴ്ത്തുവാനും,
(34) ധാരാളമായി നിന്നെ ഞങ്ങള്‍ സ്മരിക്കുവാനും വേണ്ടി.
(35) തീര്‍ച്ചയായും നീ ഞങ്ങളെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
(36) അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ചോദിച്ചത് നിനക്ക് നല്‍കപ്പെട്ടിരിക്കുന്നു.
(37) മറ്റൊരിക്കലും നിനക്ക് നാം അനുഗ്രഹം ചെയ്ത് തന്നിട്ടുണ്ട്.