(10) തീര്‍ച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്‍റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍ ആരെങ്കിലും (അത്) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്‍റെ ദോഷഫലം അവന് തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഏര്‍പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന്ന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.
(11) ഗ്രാമീണ അറബികളില്‍ നിന്ന് പിന്നോക്കം മാറി നിന്നവര്‍ നിന്നോട് പറഞ്ഞേക്കും: ഞങ്ങളുടെ സ്വത്തുക്കളുടെയും കുടുംബങ്ങളുടെയും കാര്യം ഞങ്ങളെ (നിങ്ങളോടൊപ്പം വരാന്‍ പറ്റാത്ത വിധം) വ്യാപൃതരാക്കികളഞ്ഞു. അത് കൊണ്ട് താങ്കള്‍ ഞങ്ങള്‍ക്കു പാപമോചനത്തിനായി പ്രാര്‍ത്ഥിക്കണം. അവരുടെ നാവുകള്‍ കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലുള്ളതല്ലാത്ത കാര്യമാണ്. നീ പറയുക: അപ്പോള്‍ അല്ലാഹു നിങ്ങള്‍ക്കു വല്ല ഉപദ്രവവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അല്ലെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവന്‍റെ പക്കല്‍ നിന്ന് നിങ്ങള്‍ക്കു വല്ലതും അധീനപ്പെടുത്തിത്തരാന്‍ ആരുണ്ട്? അല്ല, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.
(12) അല്ല, റസൂലും സത്യവിശ്വാസികളും ഒരിക്കലും അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തുകയേ ഇല്ല എന്ന് നിങ്ങള്‍ വിചാരിച്ചു. നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നുകയും ചെയ്തു. ദുര്‍വിചാരമാണ് നിങ്ങള്‍ വിചാരിച്ചത്. നിങ്ങള്‍ തുലഞ്ഞ ഒരു ജനവിഭാഗമാകുന്നു.
(13) അല്ലാഹുവിലും അവന്‍റെ റസൂലിലും വല്ലവനും വിശ്വസിക്കാത്ത പക്ഷം അത്തരം സത്യനിഷേധികള്‍ക്ക് വേണ്ടി നാം ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെച്ചിരിക്കുന്നു.
(14) അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(15) സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ ഉള്ളേടത്തേക്ക് നിങ്ങള്‍ (യുദ്ധത്തിന്) പോകുകയാണെങ്കില്‍ ആ പിന്നോക്കം മാറി നിന്നവര്‍ പറയും: ഞങ്ങളെ നിങ്ങള്‍ (തടയാതെ) വിട്ടേക്കണം. ഞങ്ങളും നിങ്ങളെ അനുഗമിക്കാം. അല്ലാഹുവിന്‍റെ വാക്കിന് മാറ്റം വരുത്താനാണ് അവര്‍ ഉദ്ദേശിക്കുന്നത്. നീ പറയുക: നിങ്ങള്‍ ഒരിക്കലും ഞങ്ങളെ അനുഗമിക്കുകയില്ല, അപ്രകാരമാണ് അല്ലാഹു മുമ്പേ പറഞ്ഞിട്ടുള്ളത്. അപ്പോള്‍ അവര്‍ പറഞ്ഞേക്കും; അല്ല, നിങ്ങള്‍ ഞങ്ങളോട് അസൂയ കാണിക്കുകയാണ് എന്ന്. അങ്ങനെയല്ല. അവര്‍ (കാര്യം) ഗ്രഹിക്കാതിരിക്കുകയാകുന്നു. അല്‍പം മാത്രമല്ലാതെ.