(21) തങ്ങളുടെ തൊലികളോട് അവര്‍ പറയും: നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരായി സാക്ഷ്യം വഹിച്ചത്? അവ (തൊലികള്‍) പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാകുന്നു. ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത് അവനാണല്ലോ. അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
(22) നിങ്ങളുടെ കാതോ നിങ്ങളുടെ കണ്ണുകളോ നിങ്ങളുടെ തൊലികളോ നിങ്ങള്‍ക്ക് എതിരില്‍ സാക്ഷ്യം വഹിക്കുമെന്ന് കരുതി നിങ്ങള്‍ (അവയില്‍ നിന്നും) ഒളിഞ്ഞിരിക്കാറുണ്ടായിരുന്നില്ലല്ലോ. എന്നാല്‍ നിങ്ങള്‍ വിചാരിച്ചത് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ മിക്കതും അല്ലാഹു അറിയില്ലെന്നാണ്.
(23) അതത്രെ നിങ്ങളുടെ രക്ഷിതാവിനെപ്പറ്റി നിങ്ങള്‍ ധരിച്ചുവെച്ച ധാരണ: അത് നിങ്ങള്‍ക്ക് നാശം വരുത്തി. അങ്ങനെ നിങ്ങള്‍ നഷ്ടക്കാരില്‍പ്പെട്ടവരായിത്തീര്‍ന്നു.
(24) ഇനി അവര്‍ സഹിച്ചു കഴിയുകയാണെങ്കില്‍ ആ നരകം തന്നെയാകുന്നു അവര്‍ക്കുള്ള പാര്‍പ്പിടം. അവര്‍ വിട്ടുവീഴ്ച തേടുകയാണെങ്കിലോ വിട്ടുവീഴ്ച നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ അവര്‍ പെടുകയുമില്ല.
(25) അവര്‍ക്ക് നാം ചില കൂട്ടുകാരെ ഏര്‍പെടുത്തി കൊടുത്തു. എന്നിട്ട് ആ കൂട്ടാളികള്‍ അവര്‍ക്ക് തങ്ങളുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അലംകൃതമായി തോന്നിച്ചു. ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അവര്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളുടെ കൂട്ടത്തില്‍ ഇവരുടെ മേലും (ശിക്ഷയെപറ്റിയുള്ള) പ്രഖ്യാപനം സ്ഥിരപ്പെടുകയുണ്ടായി. തീര്‍ച്ചയായും അവര്‍ നഷ്ടം പറ്റിയവരായിരുന്നു.
(26) സത്യനിഷേധികള്‍ പറഞ്ഞു: നിങ്ങള്‍ ഈ ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കരുത്. അത് പാരായണം ചെയ്യുമ്പോള്‍ നിങ്ങള്‍ ബഹളമുണ്ടാക്കുക. നിങ്ങള്‍ക്ക് അതിനെ അതിജയിക്കാന്‍ കഴിഞ്ഞേക്കാം.
(27) എന്നാല്‍ ആ സത്യനിഷേധികള്‍ക്ക് നാം കഠിനമായ ശിക്ഷ ആസ്വദിപ്പിക്കുക തന്നെചെയ്യും. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ അതിനീചമായതിന്നുള്ള പ്രതിഫലം നാം അവര്‍ക്ക് നല്‍കുക തന്നെചെയ്യും.
(28) അതത്രെ അല്ലാഹുവിന്‍റെ ശത്രുക്കള്‍ക്കുള്ള പ്രതിഫലമായ നരകം. അവര്‍ക്ക് അവിടെയാണ് സ്ഥിരവാസത്തിന്നുള്ള വസതി. നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ച് കളഞ്ഞിരുന്നതിനുള്ള പ്രതിഫലമത്രെ അത്.
(29) സത്യനിഷേധികള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ പിഴപ്പിച്ചവരായ ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമുള്ള രണ്ടുവിഭാഗത്തെ നീ ഞങ്ങള്‍ക്ക് കാണിച്ചുതരേണമേ. അവര്‍ അധമന്‍മാരുടെ കൂട്ടത്തിലാകത്തക്കവണ്ണം ഞങ്ങള്‍ അവരെ ഞങ്ങളുടെ പാദങ്ങള്‍ക്ക് ചുവട്ടിലിട്ട് ചവിട്ടട്ടെ.