(181) അല്ലാഹു ദരിദ്രനും നമ്മള്‍ ധനികരുമാണ് എന്ന് പറഞ്ഞവരുടെ വാക്ക് അല്ലാഹു തീര്‍ച്ചയായും കേട്ടിട്ടുണ്ട്. അവര്‍ ആ പറഞ്ഞതും അവര്‍ പ്രവാചകന്‍മാരെ അന്യായമായി കൊലപ്പെടുത്തിയതും നാം രേഖപ്പെടുത്തി വെക്കുന്നതാണ്. കത്തിഎരിയുന്ന നരകശിക്ഷ ആസ്വദിച്ചു കൊള്ളുക എന്ന് നാം (അവരോട്) പറയുകയും ചെയ്യും.
(182) നിങ്ങളുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചതുകൊണ്ടും അല്ലാഹു അടിമകളോട് അനീതി കാണിക്കുന്നവനല്ല എന്നതുകൊണ്ടുമാണ് അത്.
(183) ഞങ്ങളുടെ മുമ്പാകെ ഒരു ബലി നടത്തി അതിനെ ദിവ്യാഗ്നി തിന്നുകളയുന്നത് (ഞങ്ങള്‍ക്ക് കാണിച്ചുതരുന്നത്) വരെ ഒരു ദൈവദൂതനിലും ഞങ്ങള്‍ വിശ്വസിക്കരുതെന്ന് അല്ലാഹു ഞങ്ങളോട് കരാറു വാങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞവരത്രെ അവര്‍. (നബിയേ,) പറയുക: വ്യക്തമായ തെളിവുകള്‍ സഹിതവും, നിങ്ങള്‍ ഈ പറഞ്ഞത് സഹിതവും എനിക്ക് മുമ്പ് പല ദൂതന്‍മാരും നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ട്. എന്നിട്ട് നിങ്ങളുടെ വാദം സത്യമാണെങ്കില്‍ നിങ്ങളെന്തിന് അവരെ കൊന്നുകളഞ്ഞു?
(184) അപ്പോള്‍ നിന്നെ അവര്‍ നിഷേധിച്ചിട്ടുണ്ടെങ്കില്‍ നിനക്ക് മുമ്പ് വ്യക്തമായ തെളിവുകളും ഏടുകളും വെളിച്ചം നല്‍കുന്ന വേദഗ്രന്ഥവുമായി വന്ന ദൂതന്‍മാരും നിഷേധിക്കപ്പെട്ടിട്ടുണ്ട്.
(185) ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.
(186) തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു.