(249) അങ്ങനെ സൈന്യവുമായി പുറപ്പെട്ടപ്പോള്‍ ത്വാലൂത് പറഞ്ഞു: അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്. അപ്പോള്‍ ആര്‍ അതില്‍ നിന്ന് കുടിച്ചുവോ അവന്‍ എന്റെകൂട്ടത്തില്‍ പെട്ടവനല്ല. ആരതു രുചിച്ച് നോക്കാതിരുന്നുവോ അവന്‍ എന്റെകൂട്ടത്തില്‍ പെട്ടവനാകുന്നു. എന്നാല്‍ തന്റെകൈകൊണ്ട് ഒരിക്കല്‍ മാത്രം കോരിയവന്‍ ഇതില്‍ നിന്ന് ഒഴിവാണ്. അവരില്‍ നിന്ന് ചുരുക്കം പേരൊഴികെ അതില്‍ നിന്ന് കുടിച്ചു. അങ്ങനെ അദ്ദേഹവും കൂടെയുള്ള വിശ്വാസികളും ആ നദി കടന്നു കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: ജാലൂതി (ഗോലിയത്ത്) നെയും അവന്റെ സൈന്യങ്ങളെയും നേരിടാന്‍ മാത്രമുള്ള കഴിവ് ഇന്ന് നമുക്കില്ല. തങ്ങള്‍ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടവരാണ് എന്ന വിചാരമുള്ളവര്‍ പറഞ്ഞു: എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിന്റെഅനുമതിയോടെ വലിയ സംഘങ്ങളെ കീഴ്പെടുത്തിയിട്ടുള്ളത്! അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു.
(250) അങ്ങനെ അവര്‍ ജാലൂതിനും സൈന്യങ്ങള്‍ക്കുമെതിരെ പോരിനിറങ്ങിയപ്പോള്‍ അവര്‍ പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനങ്ങള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.
(251) അങ്ങനെ അല്ലാഹുവിന്റെഅനുമതി പ്രകാരം അവരെ (ശത്രുക്കളെ) അവര്‍ പരാജയപ്പെടുത്തി. ദാവൂദ് ജാലൂതിനെ കൊലപ്പെടുത്തി. അദ്ദേഹത്തിന് അല്ലാഹു ആധിപത്യവും ജ്ഞാനവും നല്‍കുകയും, താന്‍ ഉദ്ദേശിക്കുന്ന പലതും പഠിപ്പിക്കുകയും ചെയ്തു. മനുഷ്യരില്‍ ചിലരെ മറ്റു ചിലര്‍ മുഖേന അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ ഭൂലോകം കുഴപ്പത്തിലാകുമായിരുന്നു. പക്ഷെ അല്ലാഹു ലോകരോട് വളരെ ഉദാരനത്രെ.
(252) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാകുന്നു അവയൊക്കെ. സത്യപ്രകാരം നിനക്ക് നാം അവ ഓതികേള്‍പിച്ച് തരുന്നു. തീര്‍ച്ചയായും നീ (നമ്മുടെ ദൌത്യവുമായി) നിയോഗിക്കപ്പെട്ടവരില്‍ ഒരാളാകുന്നു.