(14) ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങുകയുണ്ടായി. എന്നിട്ട് അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്ന് ഒരു ഭാഗം അവര്‍ മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരേക്കും ശത്രുതയും വിദ്വേഷവും നാം ഇളക്കിവിട്ടു. അവര്‍ ചെയ്ത്കൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ പറഞ്ഞറിയിക്കുന്നതാണ്.
(15) വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ മറച്ച് വെച്ചുകൊണ്ടിരുന്ന പലതും നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്നുകൊണ്ട് നമ്മുടെ ദൂതന്‍ (ഇതാ) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു.
(16) അല്ലാഹു തന്‍റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്‍റെ വഴികളിലേക്ക് നയിക്കുന്നു. തന്‍റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു.
(17) മര്‍യമിന്‍റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. (നബിയേ,) പറയുക: മര്‍യമിന്‍റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്‍റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.