(67) കടലില്‍ വെച്ച് നിങ്ങള്‍ക്ക് കഷ്ടത (അപായം) നേരിട്ടാല്‍ അവന്‍ ഒഴികെ, നിങ്ങള്‍ ആരെയെല്ലാം വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നുവോ അവര്‍ അപ്രത്യക്ഷരാകും. എന്നാല്‍ നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി കരയിലെത്തിക്കുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞുകളയുകയായി. മനുഷ്യന്‍ ഏറെ നന്ദികെട്ടവനായിരിക്കുന്നു.
(68) കരയുടെ ഭാഗത്ത് തന്നെ അവന്‍ നിങ്ങളെ ആഴ്ത്തിക്കളയുകയോ, അല്ലെങ്കില്‍ അവന്‍ നിങ്ങളുടെ നേരെ ഒരു ചരല്‍ മഴ അയക്കുകയോ ചെയ്യുകയും, നിങ്ങളുടെ സംരക്ഷണം ഏല്‍ക്കാന്‍ യാതൊരാളെയും നിങ്ങള്‍ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ?
(69) അതല്ലെങ്കില്‍ മറ്റൊരു പ്രാവശ്യം അവന്‍ നിങ്ങളെ അവിടേക്ക് (കടലിലേക്ക്) തിരിച്ച് കൊണ്ട് പോകുകയും, എന്നിട്ട് നിങ്ങളുടെ നേര്‍ക്ക് അവന്‍ ഒരു തകര്‍പ്പന്‍ കാറ്റയച്ചിട്ട് നിങ്ങള്‍ നന്ദികേട് കാണിച്ചതിന് നിങ്ങളെ അവന്‍ മുക്കിക്കളയുകയും, അനന്തരം ആ കാര്യത്തില്‍ നിങ്ങള്‍ക്ക് വേണ്ടി നമുക്കെതിരില്‍ നടപടി എടുക്കാന്‍ യാതൊരാളെയും നിങ്ങള്‍ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെപറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ?
(70) തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.
(71) എല്ലാ മനുഷ്യരെയും അവരുടെ നേതാവിനോടൊപ്പം നാം വിളിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ ആര്‍ക്ക് തന്‍റെ (കര്‍മ്മങ്ങളുടെ) രേഖ തന്‍റെ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ അത്തരക്കാര്‍ അവരുടെ ഗ്രന്ഥം വായിച്ചുനോക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി ചെയ്യപ്പെടുന്നതുമല്ല.
(72) വല്ലവനും ഈ ലോകത്ത് അന്ധനായിരുന്നാല്‍ പരലോകത്തും അവന്‍ അന്ധനായിരിക്കും. ഏറ്റവും വഴിപിഴച്ചവനുമായിരിക്കും.
(73) തീര്‍ച്ചയായും നാം നിനക്ക് ബോധനം നല്‍കിയിട്ടുള്ളതില്‍ നിന്ന് അവര്‍ നിന്നെ തെറ്റിച്ചുകളയാന്‍ ഒരുങ്ങിയിരിക്കുന്നു. നീ നമ്മുടെ മേല്‍ അതല്ലാത്ത വല്ലതും കെട്ടിച്ചമയ്ക്കുവാനാണ് (അവര്‍ ആഗ്രഹിക്കുന്നത്). അപ്പോള്‍ അവര്‍ നിന്നെ മിത്രമായി സ്വീകരിക്കുക തന്നെ ചെയ്യും.
(74) നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീ അവരിലേക്ക് അല്‍പമൊക്കെ ചാഞ്ഞുപോയേക്കുമായിരുന്നു.
(75) എങ്കില്‍ ജീവിതത്തിലും ഇരട്ടി ശിക്ഷ, മരണത്തിലും ഇരട്ടി ശിക്ഷ അതായിരിക്കും നാം നിനക്ക് ആസ്വദിപ്പിക്കുന്നത്. പിന്നീട് നമുക്കെതിരില്‍ നിനക്ക് സഹായം നല്‍കാന്‍ യാതൊരാളെയും നീ കണ്ടെത്തുകയില്ല.