(39) നിന്‍റെ രക്ഷിതാവ് നിനക്ക് ബോധനം നല്‍കിയ ജ്ഞാനത്തില്‍ പെട്ടതത്രെ അത്. അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ സ്ഥാപിക്കരുത്. എങ്കില്‍ ആക്ഷേപിക്കപ്പെട്ടവനും പുറം തള്ളപ്പെട്ടവനുമായി നീ നരകത്തില്‍ എറിയപ്പെടുന്നതാണ്.
(40) എന്നാല്‍ നിങ്ങളുടെ രക്ഷിതാവ് ആണ്‍മക്കളെ നിങ്ങള്‍ക്കു പ്രത്യേകമായി നല്‍കുകയും, അവന്‍ മലക്കുകളില്‍ നിന്ന് പെണ്‍മക്കളെ സ്വീകരിക്കുകയും ചെയ്തിരിക്കുകയാണോ? തീര്‍ച്ചയായും ഗുരുതരമായ ഒരു വാക്ക് തന്നെയാകുന്നു നിങ്ങള്‍ പറയുന്നത്.
(41) അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി ഈ ഖുര്‍ആനില്‍ നാം (കാര്യങ്ങള്‍) വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് അത് അകല്‍ച്ച വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
(42) (നബിയേ,) പറയുക: അവര്‍ പറയും പോലെ അവനോടൊപ്പം മറ്റുദൈവങ്ങളുണ്ടായിരുന്നെങ്കില്‍ സിംഹാസനാധിപന്‍റെ അടുക്കലേക്ക് അവര്‍ (ആ ദൈവങ്ങള്‍) വല്ല മാര്‍ഗവും തേടുക തന്നെ ചെയ്യുമായിരുന്നു.
(43) അവന്‍ എത്ര പരിശുദ്ധന്‍! അവര്‍ പറഞ്ഞുണ്ടാക്കിയതിനെല്ലാം ഉപരിയായി അവന്‍ വലിയ ഔന്നത്യം പ്രാപിച്ചിരിക്കുന്നു.
(44) ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്‍റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.
(45) നീ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ നിന്‍റെയും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും ഇടയില്‍ ദൃശ്യമല്ലാത്ത ഒരു മറ നാം വെക്കുന്നതാണ്.
(46) അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ വെക്കുന്നതും, അവരുടെ കാതുകളില്‍ നാം ഒരു തരം ഭാരം വെക്കുന്നതുമാണ്. ഖുര്‍ആന്‍ പാരായണത്തില്‍ നിന്‍റെ രക്ഷിതാവിനെപ്പറ്റി മാത്രം പ്രസ്താവിച്ചാല്‍ അവര്‍ വിറളിയെടുത്ത് പുറം തിരിഞ്ഞ് പോകുന്നതാണ്.
(47) നീ പറയുന്നത് അവര്‍ ശ്രദ്ധിച്ച് കേള്‍ക്കുന്ന സമയത്ത് എന്തൊരു കാര്യമാണ് അവര്‍ ശ്രദ്ധിച്ച് കേട്ട് കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് നല്ലവണ്ണം അറിയാം. അവര്‍ സ്വകാര്യം പറയുന്ന സന്ദര്‍ഭം അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത് എന്ന് (നിന്നെ പരിഹസിച്ചുകൊണ്ട്) അക്രമികള്‍ പറയുന്ന സന്ദര്‍ഭവും (നമുക്ക് നല്ലവണ്ണം അറിയാം.)
(48) (നബിയേ,) നോക്കൂ; എങ്ങനെയാണ് അവര്‍ നിനക്ക് ഉപമകള്‍ പറഞ്ഞുണ്ടാക്കിയതെന്ന്. അങ്ങനെ അവര്‍ പിഴച്ചു പോയിരിക്കുന്നു. അതിനാല്‍ അവര്‍ക്ക് ഒരു മാര്‍ഗവും പ്രാപിക്കാന്‍ സാധിക്കുകയില്ല.
(49) അവര്‍ പറഞ്ഞു: നാം എല്ലുകളും ജീര്‍ണാവശിഷ്ടങ്ങളുമായിക്കഴിഞ്ഞാല്‍ തീര്‍ച്ചയായും നാം പുതിയൊരു സൃഷ്ടിയായി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നതാണോ ?