المجادلة Al-Mujaadila
(1) (നബിയേ,) തന്‍റെ ഭര്‍ത്താവിന്‍റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്. അല്ലാഹു നിങ്ങള്‍ രണ്ടു പേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.
(2) നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുന്നവര്‍ (അബദ്ധമാകുന്നു ചെയ്യുന്നത്.) അവര്‍ (ഭാര്യമാര്‍) അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ അല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായും അവര്‍ നിഷിദ്ധമായ വാക്കും അസത്യവുമാണ് പറയുന്നത്. തീര്‍ച്ചയായും അല്ലാഹു അധികം മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാണ്.
(3) തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും, പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്. അത് നിങ്ങള്‍ക്കു നല്‍കപ്പെടുന്ന ഉപദേശമാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു.
(4) ഇനി വല്ലവന്നും (അടിമയെ) ലഭിക്കാത്ത പക്ഷം, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന് മുമ്പായി തുടര്‍ച്ചയായി രണ്ടുമാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്. വല്ലവന്നും (അത്) സാധ്യമാകാത്ത പക്ഷം അറുപതു അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്. അത് അല്ലാഹുവിലും അവന്‍റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രെ. അവ അല്ലാഹുവിന്‍റെ പരിധികളാകുന്നു. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്.
(5) തീര്‍ച്ചയായും അല്ലാഹുവെയും അവന്‍റെ ദൂതനെയും എതിര്‍ത്തു കൊണ്ടിരിക്കുന്നവര്‍ അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടത് പോലെ വഷളാക്കപ്പെടുന്നതാണ്. സുവ്യക്തമായ പല തെളിവുകളും നാം അവതരിപ്പിച്ചിട്ടുണ്ട്. സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷയുമുണ്ട്.
(6) അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും, എന്നിട്ട് അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ വിവരമറിയിക്കുകയും ചെയ്യുന്ന ദിവസം. അല്ലാഹു അത് തിട്ടപ്പെടുത്തുകയും അവരത് മറന്നുപോകുകയും ചെയ്തു. അല്ലാഹു ഏത് കാര്യത്തിനും സാക്ഷിയാകുന്നു.