(149) സത്യവിശ്വാസികളേ, സത്യനിഷേധികളെ നിങ്ങള്‍ അനുസരിച്ച് പോയാല്‍ അവര്‍ നിങ്ങളെ പുറകോട്ട് തിരിച്ചുകൊണ്ടു പോകും. അങ്ങനെ നിങ്ങള്‍ നഷ്ടക്കാരായി മാറിപ്പോകും.
(150) അല്ല, അല്ലാഹുവാകുന്നു നിങ്ങളുടെ രക്ഷാധികാരി. അവനാകുന്നു സഹായികളില്‍ ഉത്തമന്‍.
(151) സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്. അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്ത വസ്തുക്കളെ അല്ലാഹുവോട് അവര്‍ പങ്കുചേര്‍ത്തതിന്‍റെ ഫലമാണത്. നരകമാകുന്നു അവരുടെ സങ്കേതം. അക്രമികളുടെ പാര്‍പ്പിടം എത്രമോശം!
(152) അല്ലാഹുവിന്‍റെ അനുമതി പ്രകാരം നിങ്ങളവരെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള അല്ലാഹുവിന്‍റെ വാഗ്ദാനത്തില്‍ അവന്‍ സത്യം പാലിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഭീരുത്വം കാണിക്കുകയും, കാര്യനിര്‍വഹണത്തില്‍ അന്യോന്യം പിണങ്ങുകയും, നിങ്ങള്‍ ഇഷ്ടപ്പെടുന്ന നേട്ടം അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്നതിന് ശേഷം നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തപ്പോഴാണ് (കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരായത്.) നിങ്ങളില്‍ ഇഹലോകത്തെ ലക്ഷ്യമാക്കുന്നവരുണ്ട്. പരലോകത്തെ ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്. അനന്തരം നിങ്ങളെ പരീക്ഷിക്കുവാനായി അവരില്‍ (ശത്രുക്കളില്‍) നിന്ന് നിങ്ങളെ അല്ലാഹു പിന്തിരിപ്പിച്ചുകളഞ്ഞു. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് തന്നിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് ഔദാര്യം കാണിക്കുന്നവനാകുന്നു.
(153) ആരെയും തിരിഞ്ഞ് നോക്കാതെ നിങ്ങള്‍ (പടക്കളത്തില്‍നിന്നു) ഓടിക്കയറിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) റസൂല്‍ പിന്നില്‍ നിന്ന് നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. അങ്ങനെ അല്ലാഹു നിങ്ങള്‍ക്കു ദുഃഖത്തിനുമേല്‍ ദുഃഖം പ്രതിഫലമായി നല്‍കി. നഷ്ടപ്പെട്ടുപോകുന്ന നേട്ടത്തിന്‍റെ പേരിലോ, നിങ്ങളെ ബാധിക്കുന്ന ആപത്തിന്‍റെ പേരിലോ നിങ്ങള്‍ ദുഃഖിക്കുവാന്‍ ഇടവരാതിരിക്കുന്നതിനുവേണ്ടിയാണിത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.