(84) നിങ്ങള്‍ അന്യോന്യം രക്തം ചിന്തുകയില്ലെന്നും, സ്വന്തമാളുകളെ കുടിയൊഴിപ്പിക്കുകയില്ലെന്നും നിങ്ങളോട് നാം ഉറപ്പ് വാങ്ങിയ സന്ദര്‍ഭവും (ഓര്‍ക്കുക). എന്നിട്ട് നിങ്ങളത് സമ്മതിച്ച് ശരിവെക്കുകയും ചെയ്തു. നിങ്ങളതിന് സാക്ഷികളുമാകുന്നു.
(85) എന്നിട്ടും നിങ്ങളിതാ സ്വജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തെ തന്നെ അവരുടെ വീടുകളില്‍ നിന്നും ഇറക്കി വിട്ടുകൊണ്ടിരിക്കുന്നു. തികച്ചും കുറ്റകരമായും അതിക്രമപരമായും അവര്‍ക്കെതിരില്‍ നിങ്ങള്‍ അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. അവര്‍ നിങ്ങളുടെ അടുത്ത് യുദ്ധത്തടവുകാരായി വന്നാല്‍ നിങ്ങള്‍ മോചനമൂല്യം നല്‍കി അവരെ മോചിപ്പിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവരെ പുറം തള്ളുന്നത് തന്നെ നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്നു. നിങ്ങള്‍ വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയുമാണോ ? എന്നാല്‍ നിങ്ങളില്‍ നിന്ന് അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാവട്ടെ അതി കഠിനമായ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
(86) പരലോകം വിറ്റ് ഇഹലോകജീവിതം വാങ്ങിയവരാകുന്നു അത്തരക്കാര്‍. അവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കപ്പെടുകയില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല.
(87) മൂസായ്ക്ക് നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിന് ശേഷം തുടര്‍ച്ചയായി നാം ദൂതന്‍മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകനായ ഈസാക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, അദ്ദേഹത്തിന് നാം പരിശുദ്ധാത്മാവിന്റെ പിന്‍ബലം നല്‍കുകയും ചെയ്തു. എന്നിട്ട് നിങ്ങളുടെ മനസ്സിന് പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും, ചില ദൂതന്‍മാരെ നിങ്ങള്‍ തള്ളിക്കളയുകയും, മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ?
(88) അവര്‍ പറഞ്ഞു: ഞങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ (അതല്ല ശരി) അവരുടെ നിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്. അതിനാല്‍ വളരെ കുറച്ചേ അവര്‍ വിശ്വസിക്കുന്നുള്ളൂ.