(33) ജനങ്ങള്‍ക്ക് വല്ല ദുരിതവും ബാധിച്ചാല്‍ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിഞ്ഞും കൊണ്ട് അവനോട് അവര്‍ പ്രാര്‍ത്ഥിക്കുന്നതാണ്. പിന്നെ തന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം അവര്‍ക്കവന്‍ അനുഭവിപ്പിച്ചാല്‍ അവരില്‍ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട് പങ്കുചേര്‍ക്കുന്നു.
(34) അങ്ങനെ നാം അവര്‍ക്ക് നല്‍കിയതിനു നന്ദികേട് കാണിക്കുകയത്രെ അവര്‍ ചെയ്യുന്നത്. ആകയാല്‍ നിങ്ങള്‍ സുഖം അനുഭവിച്ച് കൊള്ളുക. വഴിയെ നിങ്ങള്‍ മനസ്സിലാക്കികൊള്ളും.
(35) അതല്ല, അവര്‍ (അല്ലാഹുവോട്) പങ്കുചേര്‍ത്തിരുന്നതിനനൂകൂലമായി അവരോട് സംസാരിക്കുന്ന വല്ല പ്രമാണവും നാം അവര്‍ക്ക് ഇറക്കികൊടുത്തിട്ടുണ്ടോ?
(36) മനുഷ്യര്‍ക്ക് നാം കാരുണ്യം അനുഭവിപ്പിക്കുന്ന പക്ഷം അവര്‍ അതില്‍ ആഹ്ലാദം കൊള്ളുന്നു. തങ്ങളുടെ കൈകള്‍ മുന്‍കൂട്ടിചെയ്തതിന്‍റെ ഫലമായി അവര്‍ക്ക് വല്ല ദോഷവും ബാധിക്കുകയാണെങ്കിലോ അവരതാ ആശയറ്റവരാകുന്നു.
(37) താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു ഉപജീവനം വിശാലമാക്കുകയും (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു എന്ന് അവര്‍ കണ്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്; തീര്‍ച്ച.
(38) ആകയാല്‍ കുടുംബബന്ധമുള്ളവന് നീ അവന്‍റെ അവകാശം കൊടുക്കുക. അഗതിക്കും വഴിപോക്കനും (അവരുടെ അവകാശവും നല്‍കുക). അല്ലാഹുവിന്‍റെ പ്രീതി ലക്ഷ്യമാക്കുന്നവര്‍ക്ക് അതാണുത്തമം. അവര്‍ തന്നെയാണ് വിജയികളും.
(39) ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക് കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍ അത് വളരുകയില്ല. അല്ലാഹുവിന്‍റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍.
(40) അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കി. പിന്നെ നിങ്ങളെ അവന്‍ മരിപ്പിക്കുന്നു. പിന്നീട് അവന്‍ നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യും. അതില്‍ പെട്ട ഏതെങ്കിലും ഒരു കാര്യം ചെയ്യുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളാക്കിയവരുടെ കൂട്ടത്തിലുണ്ടോ? അവന്‍ എത്രയോ പരിശുദ്ധന്‍. അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു.
(41) മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരു വേള മടങ്ങിയേക്കാം.