(44) അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍.
(45) നിന്‍റെ രക്ഷിതാവിനെ സംബന്ധിച്ച് നീ ചിന്തിച്ച് നോക്കിയിട്ടില്ലേ? എങ്ങനെയാണ് അവന്‍ നിഴലിനെ നീട്ടിയത് എന്ന്. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ അവന്‍ നിശ്ചലമാക്കുമായിരുന്നു. എന്നിട്ട് നാം സൂര്യനെ അതിന്ന് തെളിവാക്കി.
(46) പിന്നീട് നമ്മുടെ അടുത്തേക്ക് നാം അതിനെ അല്‍പാല്‍പമായി പിടിച്ചെടുത്തു.
(47) അവനത്രെ നിങ്ങള്‍ക്ക് വേണ്ടി രാത്രിയെ ഒരു വസ്ത്രവും, ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവന്‍. പകലിനെ അവന്‍ എഴുന്നേല്‍പ് സമയമാക്കുകയും ചെയ്തിരിക്കുന്നു.
(48) തന്‍റെ കാരുണ്യത്തിന്‍റെ മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ. ആകാശത്ത് നിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു.
(49) നിര്‍ജീവമായ നാടിന് അത് മുഖേന നാം ജീവന്‍ നല്‍കുവാനും, നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും അത് കുടിപ്പിക്കുവാനും വേണ്ടി.
(50) അവര്‍ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി അത് (മഴവെള്ളം) അവര്‍ക്കിടയില്‍ നാം വിതരണം ചെയ്തിരിക്കുന്നു. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നന്ദികേട് കാണിക്കുവാനല്ലാതെ മനസ്സു വന്നില്ല.
(51) നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാ നാട്ടിലും ഓരോ താക്കീതുകാരനെ നാം നിയോഗിക്കുമായിരുന്നു.
(52) അതിനാല്‍ സത്യനിഷേധികളെ നീ അനുസരിച്ചു പോകരുത്. ഇത് (ഖുര്‍ആന്‍) കൊണ്ട് നീ അവരോട് വലിയൊരു സമരം നടത്തിക്കൊള്ളുക.
(53) രണ്ട് ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്‍. ഒന്ന് സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന് അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.
(54) അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്‍റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു.
(55) അല്ലാഹുവിന് പുറമെ അവര്‍ക്ക് ഉപകാരമുണ്ടാക്കുകയോ ഉപദ്രവമുണ്ടാക്കുകയോ ചെയ്യാത്തതിനെ അവര്‍ ആരാധിക്കുന്നു. സത്യനിഷേധി തന്‍റെ രക്ഷിതാവിനെതിരെ (ദുശ്ശക്തികള്‍ക്ക്) പിന്തുണ നല്‍കുന്നവനായിരിക്കുന്നു.