(97) അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് നേര്‍മാര്‍ഗം പ്രാപിച്ചവന്‍.അവന്‍ ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ, അവര്‍ക്ക് അവന്നു പുറമെ രക്ഷാധികാരികളെയൊന്നും നീ കണ്ടെത്തുന്നതേയല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മുഖം നിലത്ത് കുത്തിയവരായിക്കൊണ്ടും അന്ധരും ഊമകളും ബധിരരുമായിക്കൊണ്ടും നാം അവരെ ഒരുമിച്ചുകൂട്ടുന്നതാണ്. അവരുടെ സങ്കേതം നരകമത്രെ. അത് അണഞ്ഞ് പോകുമ്പോഴെല്ലാം നാം അവര്‍ക്ക് ജ്വാല കൂട്ടികൊടുക്കുന്നതാണ്.
(98) അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചതിനും, ഞങ്ങള്‍ എല്ലുകളും ജീര്‍ണാവശിഷ്ടങ്ങളും ആയിക്കഴിഞ്ഞിട്ടാണോ പുതിയൊരു സൃഷ്ടിയായി ഞങ്ങള്‍ ഉയിര്‍ത്തെഴുന്നല്‍പിക്കപ്പെടുന്നത് എന്ന് അവര്‍ പറഞ്ഞതിനും അവര്‍ക്കുള്ള പ്രതിഫലമത്രെ അത്.
(99) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച അല്ലാഹു ഇവരെപ്പോലെയുള്ളവരെയും സൃഷ്ടിക്കാന്‍ ശക്തനാണ് എന്ന് ഇവര്‍ മനസ്സിലാക്കിയിട്ടില്ലേ? ഇവര്‍ക്ക് അവന്‍ ഒരു അവധി നിശ്ചയിച്ചിട്ടുണ്ട്. അതില്‍ സംശയമേ ഇല്ല. എന്നാല്‍ നന്ദികേട് കാണിക്കാനല്ലാതെ ഈ അക്രമികള്‍ക്ക് മനസ്സ് വന്നില്ല.
(100) (നബിയേ,) പറയുക: എന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തിന്‍റെ ഖജനാവുകള്‍ നിങ്ങളുടെ ഉടമസ്ഥതയിലായിരുന്നെങ്കില്‍ ചെലവഴിച്ച് തീര്‍ന്ന് പോകുമെന്ന് ഭയന്ന് നിങ്ങള്‍ പിശുക്കിപ്പിടിക്കുക തന്നെ ചെയ്യുമായിരുന്നു. മനുഷ്യന്‍ കടുത്ത ലുബ്ധനാകുന്നു.
(101) തീര്‍ച്ചയായും മൂസായ്ക്ക് നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങള്‍ നല്‍കുകയുണ്ടായി. അദ്ദേഹം അവരുടെ അടുത്ത് ചെല്ലുകയും, മൂസാ! തീര്‍ച്ചയായും നിന്നെ ഞാന്‍ മാരണം ബാധിച്ച ഒരാളായിട്ടാണ് കരുതുന്നത് എന്ന് ഫിര്‍ഔന്‍ അദ്ദേഹത്തോട് പറയുകയും ചെയ്ത സന്ദര്‍ഭത്തെപ്പറ്റി ഇസ്രായീല്‍ സന്തതികളോട് നീ ചോദിച്ച് നോക്കുക.
(102) അദ്ദേഹം (ഫിര്‍ഔനോട്) പറഞ്ഞു: കണ്ണുതുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളായിക്കൊണ്ട് ഇവ ഇറക്കിയത് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ് തന്നെയാണ് എന്ന് തീര്‍ച്ചയായും നീ മനസ്സിലാക്കിയിട്ടുണ്ട്. ഫിര്‍ഔനേ, തീര്‍ച്ചയായും നീ നാശമടഞ്ഞവന്‍ തന്നെ എന്നാണ് ഞാന്‍ കരുതുന്നത്.
(103) അപ്പോള്‍ അവരെ (ഇസ്രായീല്യരെ) നാട്ടില്‍ നിന്ന് വിരട്ടിയോടിക്കുവാനാണ് അവന്‍ ഉദ്ദേശിച്ചത്. അതിനാല്‍ അവനെയും അവന്‍റെ കൂടെയുള്ളവരെയും മുഴുവന്‍ നാം മുക്കിനശിപ്പിച്ചു.
(104) അവന്‍റെ (നാശത്തിനു) ശേഷം നാം ഇസ്രായീല്‍ സന്തതികളോട് ഇപ്രകാരം പറയുകയും ചെയ്തു: നിങ്ങള്‍ ഈ നാട്ടില്‍ താമസിച്ച് കൊള്ളുക. അനന്തരം പരലോകത്തിന്‍റെ വാഗ്ദാനം വന്നെത്തിയാല്‍ നിങ്ങളെയെല്ലാം കൂട്ടത്തോടെ നാം കൊണ്ടു വരുന്നതാണ്.