(22) അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന് ഇസ്ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന്‍ തന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവന്‍ ഹൃദയം കടുത്തുപോയവനെപ്പേലെയാണോ?) എന്നാല്‍ അല്ലാഹുവിന്‍റെ സ്മരണയില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ.
(23) അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. വല്ലവനെയും അവന്‍ പിഴവിലാക്കുന്ന പക്ഷം അവന് വഴി കാട്ടാന്‍ ആരും തന്നെയില്ല.
(24) എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ കടുത്ത ശിക്ഷയെ സ്വന്തം മുഖം കൊണ്ട് തടുക്കേണ്ടിവരുന്ന ഒരാള്‍ (അന്ന് നിര്‍ഭയനായിരിക്കുന്നവനെ പോലെ ആകുമോ?) നിങ്ങള്‍ സമ്പാദിച്ചു കൊണ്ടിരിക്കുന്നത്, നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക. എന്ന് അക്രമികളോട് പറയപ്പെടുകയും ചെയ്യും.
(25) അവര്‍ക്ക് മുമ്പുള്ളവരും സത്യത്തെ നിഷേധിച്ചു കളഞ്ഞു. അപ്പോള്‍ അവര്‍ അറിയാത്ത ഭാഗത്ത്കൂടി അവര്‍ക്ക് ശിക്ഷ വന്നെത്തി.
(26) അങ്ങനെ ഐഹികജീവിതത്തില്‍ അല്ലാഹു അവര്‍ക്ക് അപമാനം ആസ്വദിപ്പിച്ചു. പരലോകശിക്ഷ തന്നെയാകുന്നു ഏറ്റവും ഗുരുതരമായത്. അവര്‍ അത് മനസ്സിലാക്കിയിരുന്നെങ്കില്‍!
(27) തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ ജനങ്ങള്‍ക്ക് വേണ്ടി നാം എല്ലാവിധത്തിലുമുള്ള ഉപമകള്‍ വിവരിച്ചിട്ടുണ്ട്; അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി.
(28) അതെ, ഒട്ടും വക്രതയുള്ളതല്ലാത്ത, അറബിഭാഷയിലുള്ള ഒരു ഖുര്‍ആന്‍. അവര്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി.
(29) അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ് അവന്‍റെ യജമാനന്‍മാര്‍. ഒരു യജമാനന് മാത്രം കീഴ്പെടേണ്ടവനായ മറ്റൊരാളെയും (ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു.) ഉപമയില്‍ ഇവര്‍ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല.
(30) തീര്‍ച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു.
(31) പിന്നീട് നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ വെച്ച് വഴക്ക് കൂടുന്നതാണ്.