(64) അഥവാ, സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവര്‍ത്തിക്കുകയും, ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്യുന്നവനോ? (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? (നബിയേ,) പറയുക: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവ് നിങ്ങള്‍ കൊണ്ട് വരിക.
(65) (നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല.
(66) അല്ല, അവരുടെ അറിവ് പരലോകത്തില്‍ എത്തി നില്‍ക്കുകയാണ്. അല്ല, അവര്‍ അതിനെപ്പറ്റി സംശയത്തിലാകുന്നു. അല്ല, അവര്‍ അതിനെപ്പറ്റി അന്ധതയില്‍ കഴിയുന്നവരത്രെ.
(67) അവിശ്വസിച്ചവര്‍ പറഞ്ഞു: ഞങ്ങളും ഞങ്ങളുടെ പിതാക്കളുമൊക്കെ മണ്ണായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ (ശവകുടീരങ്ങളില്‍ നിന്ന്) പുറത്ത് കൊണ്ടുവരപ്പെടുന്നവരാണെന്നോ?
(68) ഞങ്ങളോടും മുമ്പ് ഞങ്ങളുടെ പിതാക്കളോടും ഇപ്രകാരം വാഗ്ദാനം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. പൂര്‍വ്വികന്‍മാരുടെ ഇതിഹാസങ്ങള്‍ മാത്രമാകുന്നു ഇത്.
(69) (നബിയേ,) പറയുക: നിങ്ങള്‍ ഭൂമിയില്‍ കൂടി സഞ്ചരിച്ചിട്ട് കുറ്റവാളികളുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക.
(70) നീ അവരുടെ പേരില്‍ ദുഃഖിക്കേണ്ട. അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന കുതന്ത്രത്തെപ്പറ്റി നീ മനഃപ്രയാസത്തിലാവുകയും വേണ്ട.
(71) അവര്‍ പറയുന്നു: എപ്പോഴാണ് ഈ വാഗ്ദാനം നടപ്പില്‍ വരിക? നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (പറഞ്ഞുതരൂ.)
(72) നീ പറയുക: നിങ്ങള്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ചിലത് ഒരു പക്ഷെ നിങ്ങളുടെ തൊട്ടു പുറകില്‍ എത്തിയിട്ടുണ്ടായിരിക്കാം.
(73) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് മനുഷ്യരോട് ഔദാര്യമുള്ളവന്‍ തന്നെയാകുന്നു. പക്ഷെ അവരില്‍ അധികപേരും നന്ദികാണിക്കുന്നില്ല.
(74) അവരുടെ ഹൃദയങ്ങള്‍ ഒളിച്ച് വെക്കുന്നതും അവര്‍ പരസ്യമാക്കുന്നതും എല്ലാം നിന്‍റെ രക്ഷിതാവ് അറിയുന്നു.
(75) ആകാശത്തിലോ ഭൂമിയിലോ മറഞ്ഞു കിടക്കുന്ന യാതൊരു കാര്യവും സ്പഷ്ടമായ ഒരു രേഖയില്‍ രേഖപ്പെടുത്താതിരുന്നിട്ടില്ല.
(76) ഇസ്രായീല്‍ സന്തതികള്‍ അഭിപ്രായഭിന്നത പുലര്‍ത്തിക്കൊണ്ടിരിക്കുന്ന വിഷയങ്ങളില്‍ മിക്കതും ഈ ഖുര്‍ആന്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുന്നു.