(44) (നബിയേ,) മൂസായ്ക്ക് നാം കല്‍പന ഏല്‍പിച്ച് കൊടുത്ത സമയത്ത് ആ പടിഞ്ഞാറെ മലയുടെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നില്ല. (ആ സംഭവത്തിന്) സാക്ഷ്യം വഹിച്ചവരുടെ കൂട്ടത്തില്‍ നീ ഉണ്ടായിരുന്നതുമില്ല.
(45) പക്ഷെ നാം (പിന്നീട്) പല തലമുറകളെയും വളര്‍ത്തിയെടുത്തു. അങ്ങനെ അവരിലൂടെ യുഗങ്ങള്‍ ദീര്‍ഘിച്ചു. മദ്‌യങ്കാര്‍ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുത്തു കൊണ്ട് നീ അവര്‍ക്കിടയില്‍ താമസിച്ചിരുന്നില്ല.പക്ഷെ നാം ദൂതന്‍മാരെ നിയോഗിക്കുന്നവനായിരിക്കുന്നു.
(46) നാം (മൂസായെ) വിളിച്ച സമയത്ത് ആ പര്‍വ്വതത്തിന്‍റെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നുമില്ല. പക്ഷെ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (ഇതെല്ലാം അറിയിച്ച് തരികയാകുന്നു.) നിനക്ക് മുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടിയത്രെ ഇത്. അവര്‍ ആലോചിച്ച് മനസ്സിലാക്കിയേക്കാം.
(47) തങ്ങളുടെ കൈകള്‍ മുന്‍കൂട്ടിചെയ്തു വെച്ചതിന്‍റെ ഫലമായി അവര്‍ക്കു വല്ല വിപത്തും നേരിടുകയും അപ്പോള്‍ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ അടുത്തേക്ക് നിനക്ക് ഒരു ദൂതനെ അയച്ചുകൂടായിരുന്നോ, എങ്കില്‍ ഞങ്ങള്‍ നിന്‍റെ തെളിവുകള്‍ പിന്തുടരുകയും, ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാവുകയും ചെയ്തേനെ എന്ന് അവര്‍ പറയുകയും ചെയ്യില്ലായിരുന്നുവെങ്കില്‍ (നാം നിന്നെ ദൂതനായി അയക്കുമായിരുന്നില്ല.)
(48) എന്നാല്‍ നമ്മുടെ പക്കല്‍ നിന്നുള്ള സത്യം (മുഹമ്മദ് നബി മുഖേന) അവര്‍ക്ക് വന്നെത്തിയപ്പോള്‍ അവര്‍ പറയുകയാണ്; മൂസായ്ക്ക് നല്‍കപ്പെട്ടത് പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ ഇവന്ന് നല്‍കപ്പെടാത്തത് എന്താണ് എന്ന്. എന്നാല്‍ മുമ്പ് മൂസായ്ക്ക് നല്‍കപ്പെട്ടതില്‍ അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ? അവര്‍ പറഞ്ഞു: പരസ്പരം പിന്തുണ നല്‍കിയ രണ്ടു ജാലവിദ്യകളാണിവ. ഞങ്ങള്‍ ഇതൊക്കെ അവിശ്വസിക്കുന്നവരാണ് എന്നും അവര്‍ പറഞ്ഞു.
(49) (നബിയേ,) പറയുക: എന്നാല്‍ അവ രണ്ടിനെക്കാളും നേര്‍വഴി കാണിക്കുന്നതായ ഒരു ഗ്രന്ഥം അല്ലാഹുവിന്‍റെ പക്കല്‍ നിന്ന് നിങ്ങള്‍ കൊണ്ട് വരൂ; ഞാനത് പിന്‍പറ്റിക്കൊള്ളാം. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
(50) ഇനി നിനക്ക് അവര്‍ ഉത്തരം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്‍ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.