(70) അവര്‍ പറഞ്ഞു: അത് ഏത് തരമാണെന്ന് ഞങ്ങള്‍ക്ക് വ്യക്തമാക്കി തരാന്‍ നിന്റെ രക്ഷിതാവിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. തീര്‍ച്ചയായും പശുക്കള്‍ പരസ്പരം സാദൃശ്യമുള്ളതായി ഞങ്ങള്‍ക്ക് തോന്നുന്നു. അല്ലാഹു ഉദ്ദേശിച്ചാല്‍ അവന്റെ മാര്‍ഗനിര്‍ദേശപ്രകാരം തീര്‍ച്ചയായും ഞങ്ങള്‍ പ്രവര്‍ത്തിക്കാം.
(71) (അപ്പോള്‍) മൂസാ പറഞ്ഞു: നിലം ഉഴുതുവാനോ വിള നനയ്ക്കുവാനോ ഉപയോഗപ്പെടുത്തുന്നതല്ലാത്ത, പാടുകളൊന്നുമില്ലാത്ത അവികലമായ ഒരു പശുവായിരിക്കണം അതെന്നാണ് അല്ലാഹു പറയുന്നത്. അവര്‍ പറഞ്ഞു: ഇപ്പോഴാണ് താങ്കള്‍ ശരിയായ വിവരം വെളിപ്പെടുത്തിയത്. അങ്ങനെ അവര്‍ അതിനെ അറുത്തു. അവര്‍ക്കത് നിറവേറ്റുക എളുപ്പമായിരുന്നില്ല.
(72) (ഇസ്രായീല്‍ സന്തതികളേ), നിങ്ങള്‍ ഒരാളെ കൊലപ്പെടുത്തുകയും, അന്യോന്യം കുറ്റം ആരോപിച്ചുകൊണ്ട് ഒഴിഞ്ഞ് മാറുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക.) എന്നാല്‍ നിങ്ങള്‍ ഒളിച്ച് വെക്കുന്നത് അല്ലാഹു വെളിയില്‍ കൊണ്ടുവരിക തന്നെ ചെയ്യും.
(73) അപ്പോള്‍ നാം പറഞ്ഞു: നിങ്ങള്‍ അതിന്റെ (പശുവിന്റെ) ഒരംശംകൊണ്ട് ആ മൃതദേഹത്തില്‍ അടിക്കുക. അപ്രകാരം അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കവന്‍ കാണിച്ചുതരുന്നു.
(74) പിന്നീട് അതിന് ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു. പാറകളില്‍ ചിലതില്‍ നിന്ന് നദികള്‍ പൊട്ടി ഒഴുകാറുണ്ട്. ചിലത് പിളര്‍ന്ന് വെള്ളം പുറത്ത് വരുന്നു. ചിലത് ദൈവഭയത്താല്‍ താഴോട്ട് ഉരുണ്ടു വീഴുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന യാതൊന്നിനെപറ്റിയും അല്ലാഹു ഒട്ടും അശ്രദ്ധനല്ല.
(75) (സത്യവിശ്വാസികളേ), നിങ്ങളെ അവര്‍ (യഹൂദര്‍) വിശ്വസിക്കുമെന്ന് നിങ്ങള്‍ മോഹിക്കുകയാണോ? അവരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ വചനങ്ങള്‍ കേള്‍ക്കുകയും, അത് ശരിക്കും മനസ്സിലാക്കിയതിന് ശേഷം ബോധപൂര്‍വ്വം തന്നെ അതില്‍ കൃത്രിമം കാണിച്ചുകൊണ്ടിരിക്കുകയുമാണല്ലോ.
(76) വിശ്വസിച്ചവരെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്. അവര്‍ തമ്മില്‍ തനിച്ചുകണ്ടുമുട്ടുമ്പോള്‍ (പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട്) അവര്‍ പറയും: അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്ന കാര്യങ്ങള്‍ ഇവര്‍ക്ക് നിങ്ങള്‍ പറഞ്ഞുകൊടുക്കുകയാണോ ? നിങ്ങളുടെ രക്ഷിതാവിന്റെ സന്നിധിയില്‍ അവര്‍ നിങ്ങള്‍ക്കെതിരില്‍ അത് വെച്ച് ന്യായവാദം നടത്താന്‍ വേണ്ടി. നിങ്ങളെന്താണ് ചിന്തിക്കാത്തത് ?