(106) അല്ലാഹുവോട് പാപമോചനം തേടുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(107) ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി നീ തര്‍ക്കിക്കരുത്. മഹാവഞ്ചകനും അധര്‍മ്മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല.
(108) അവര്‍ ജനങ്ങളില്‍ നിന്ന് (കാര്യങ്ങള്‍) ഒളിച്ചു വെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന് (ഒന്നും) ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ അവരുടെ കൂടെത്തന്നെയുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സമ്പൂര്‍ണ്ണമായി അറിയുന്നവനാകുന്നു അല്ലാഹു.
(109) ഹേ! കൂട്ടരേ, ഐഹികജീവിതത്തില്‍ നിങ്ങളവര്‍ക്ക് വേണ്ടി തര്‍ക്കിച്ചു. എന്നാല്‍ ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ അവര്‍ക്ക് വേണ്ടി അല്ലാഹുവോട് തര്‍ക്കിക്കാന്‍ ആരാണുള്ളത്? അല്ലെങ്കില്‍ അവരുടെ കാര്യം ഏറ്റെടുക്കാന്‍ ആരാണുണ്ടായിരിക്കുക?
(110) ആരെങ്കിലും വല്ല തിന്മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന് കണ്ടെത്തുന്നതാണ്.
(111) വല്ലവനും പാപം സമ്പാദിച്ച് വെക്കുന്ന പക്ഷം അവന്റെ തന്നെ ദോഷത്തിനായിട്ടാണ് അവനത് സമ്പാദിച്ച് വെക്കുന്നത്. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
(112) ആരെങ്കിലും വല്ല തെറ്റോ കുറ്റമോ പ്രവര്‍ത്തിക്കുകയും, എന്നിട്ട് അത് ഒരു നിരപരാധിയുടെ പേരില്‍ ആരോപിക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അവന് ഒരു കള്ളആരോപണവും പ്രത്യക്ഷമായ ഒരു പാപവും പേറുകയാണ് ചെയ്തിരിക്കുന്നത്.
(113) നിന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്നെ പിഴപ്പിച്ച് കളയുവാന്‍ തുനിഞ്ഞിരിക്കുകയായിരുന്നു. (വാസ്തവത്തില്‍) അവര്‍ അവരെ തന്നെയാണ് പിഴപ്പിക്കുന്നത്. നിനക്ക് അവര്‍ ഒരു ഉപദ്രവവും വരുത്തുന്നതല്ല. അല്ലാഹു നിനക്ക് വേദവും ജ്ഞാനവും അവതരിപ്പിച്ച് തരികയും, നിനക്ക് അറിവില്ലാതിരുന്നത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ മേലുള്ള അല്ലാഹുവിന്റെ അനുഗ്രഹം മഹത്തായതാകുന്നു.