(26) ഫിര്‍ഔന്‍ പറഞ്ഞു: നിങ്ങള്‍ എന്നെ വിടൂ; മൂസായെ ഞാന്‍ കൊല്ലും. അവന്‍ അവന്‍റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ. അവന്‍ നിങ്ങളുടെ മതം മാറ്റി മറിക്കുകയോ ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്യുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.
(27) മൂസാ പറഞ്ഞു: എന്‍റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവുമായിട്ടുള്ളവനോട്, വിചാരണയുടെ ദിവസത്തില്‍ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളില്‍ നിന്നും ഞാന്‍ ശരണം തേടുന്നു.
(28) ഫിര്‍ഔന്‍റെ ആള്‍ക്കാരില്‍പ്പെട്ട - തന്‍റെ വിശ്വാസം മറച്ചു വെച്ചുകൊണ്ടിരുന്ന - ഒരു വിശ്വാസിയായ മനുഷ്യന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടു വന്നിട്ടുണ്ട്. അദ്ദേഹം കള്ളം പറയുന്നവനാണെങ്കില്‍ കള്ളം പറയുന്നതിന്‍റെ ദോഷം അദ്ദേഹത്തിന് തന്നെയാണ്. അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ അദ്ദേഹം നിങ്ങള്‍ക്ക് താക്കീത് നല്‍കുന്ന ചില കാര്യങ്ങള്‍ (ശിക്ഷകള്‍) നിങ്ങളെ ബാധിക്കുകയും ചെയ്യും. അതിക്രമകാരിയും വ്യാജവാദിയുമായിട്ടുള്ള ഒരാളെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
(29) എന്‍റെ ജനങ്ങളേ, ഭൂമിയില്‍ മികച്ചുനില്‍ക്കുന്നവര്‍ എന്ന നിലയില്‍ ഇന്ന് ആധിപത്യം നിങ്ങള്‍ക്ക് തന്നെ. എന്നാല്‍ അല്ലാഹുവിന്‍റെ ശിക്ഷ നമുക്ക് വന്നാല്‍ അതില്‍ നിന്ന് നമ്മെ രക്ഷിച്ചു സഹായിക്കാന്‍ ആരുണ്ട്? ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ (ശരിയായി) കാണുന്ന മാര്‍ഗം മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നത്. ശരിയായ മാര്‍ഗത്തിലേക്കല്ലാതെ ഞാന്‍ നിങ്ങളെ നയിക്കുകയില്ല.
(30) ആ വിശ്വസിച്ച ആള്‍ പറഞ്ഞു: എന്‍റെ ജനങ്ങളേ, ആ കക്ഷികളുടെ ദിവസം പോലെയുള്ള ഒന്ന് തീര്‍ച്ചയായും നിങ്ങളുടെ കാര്യത്തിലും ഞാന്‍ ഭയപ്പെടുന്നു.
(31) അതായത് നൂഹിന്‍റെ ജനതയുടെയും ആദിന്‍റെയും ഥമൂദിന്‍റെയും അവര്‍ക്ക് ശേഷമുള്ളവരുടെയും അനുഭവത്തിന് തുല്യമായത്. ദാസന്‍മാരോട് യാതൊരു അക്രമവും ചെയ്യാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല.
(32) എന്‍റെ ജനങ്ങളേ, (നിങ്ങള്‍) പരസ്പരം വിളിച്ചുകേഴുന്ന ദിവസത്തെ നിങ്ങളുടെ കാര്യത്തില്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.
(33) അതായത് നിങ്ങള്‍ പിന്നോക്കം തിരിഞ്ഞോടുന്ന ദിവസം. അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്നും രക്ഷനല്‍കുന്ന ഒരാളും നിങ്ങള്‍ക്കില്ല. ഏതൊരാളെ അല്ലാഹു വഴിതെറ്റിക്കുന്നുവോ, അവന് നേര്‍വഴി കാണിക്കാന്‍ ആരുമില്ല.