فصلت Fussilat
(1) ഹാമീം.
(2) പരമകാരുണികനും കരുണാനിധിയുമായിട്ടുള്ളവന്‍റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ ഇത്.
(3) വചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അറബിഭാഷയില്‍ പാരായണം ചെയ്യപ്പെടുന്ന (ഒരു ഗ്രന്ഥം.)
(4) സന്തോഷവാര്‍ത്ത അറിയിക്കുന്നതും താക്കീത് നല്‍കുന്നതുമായിട്ടുള്ള (ഗ്രന്ഥം) എന്നാല്‍ അവരില്‍ അധികപേരും തിരിഞ്ഞുകളഞ്ഞു. അവര്‍ കേട്ട് മനസ്സിലാക്കുന്നില്ല.
(5) അവര്‍ പറഞ്ഞു: നീ ഞങ്ങളെ എന്തൊന്നിലേക്ക് വിളിക്കുന്നുവോ അത് മനസ്സിലാക്കാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികള്‍ക്കുള്ളിലാകുന്നു. ഞങ്ങളുടെ കാതുകള്‍ക്ക് ബധിരതയുമാകുന്നു. ഞങ്ങള്‍ക്കും നിനക്കുമിടയില്‍ ഒരു മറയുണ്ട്. അതിനാല്‍ നീ പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞങ്ങളും പ്രവര്‍ത്തിക്കുന്നവരാകുന്നു.
(6) നീ പറയുക: ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു എന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. ആകയാല്‍ അവങ്കലേക്കുള്ള മാര്‍ഗത്തില്‍ നിങ്ങള്‍ നേരെ നിലകൊള്ളുകയും അവനോട് നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവിന്‍. ബഹുദൈവാരാധകര്‍ക്കാകുന്നു നാശം.
(7) സകാത്ത് നല്‍കാത്തവരും പരലോകത്തില്‍ വിശ്വാസമില്ലാത്തവരുമായ.
(8) തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് മുറിഞ്ഞ് പോവാത്ത പ്രതിഫലമുള്ളത്.
(9) നീ പറയുക: രണ്ടുദിവസ(ഘട്ട)ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന് നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്.
(10) അതില്‍ (ഭൂമിയില്‍) - അതിന്‍റെ ഉപരിഭാഗത്ത് - ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ് (അവനത് ചെയ്തത്.) ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ടി ശരിയായ അനുപാതത്തില്‍
(11) അതിനു പുറമെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു.എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.