(132) ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി പല പദവികളുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നിന്‍റെ രക്ഷിതാവ് ഒട്ടും അശ്രദ്ധനല്ല.
(133) നിന്‍റെ രക്ഷിതാവ് പരാശ്രയമുക്തനും കാരുണ്യവാനുമാകുന്നു. അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങളെ നീക്കം ചെയ്യുകയും, നിങ്ങള്‍ക്ക് ശേഷം അവന്‍ ഉദ്ദേശിക്കുന്ന മറ്റൊരു ജനതയെ പകരം കൊണ്ടുവരുകയും ചെയ്യുന്നതാണ്. മറ്റൊരു ജനതയുടെ വംശപരമ്പരയില്‍ നിന്ന് നിങ്ങളെ അവന്‍ വളര്‍ത്തിയെടുത്തത് പോലെ.
(134) തീര്‍ച്ചയായും നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെടുന്ന ആ കാര്യം വരിക തന്നെ ചെയ്യും. (ആ വിഷയത്തില്‍ അല്ലാഹുവെ) പരാജയപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല.
(135) (നബിയേ,) പറയുക: എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ നിലപാടനുസരിച്ച് പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞാനും (അങ്ങനെ) പ്രവര്‍ത്തിക്കാം. ലോകത്തിന്‍റെ പര്യവസാനം ആര്‍ക്ക് അനുകൂലമായിരിക്കുമെന്ന് വഴിയെ നിങ്ങള്‍ക്കറിയാം. അക്രമികള്‍ വിജയം വരിക്കുകയില്ല; തീര്‍ച്ച.
(136) അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും, കന്നുകാലികളില്‍ നിന്നും അവര്‍ അവന്ന് ഒരു ഓഹരി നിശ്ചയിച്ച് കൊടുത്തിരിക്കുകയാണ്. എന്നിട്ട് അവരുടെ ജല്‍പനമനുസരിച്ച് ഇത് അല്ലാഹുവിനുള്ളതും, മറ്റേത് തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളത് അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിന്നുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും. അവര്‍ തീര്‍പ്പുകല്‍പിക്കുന്നത് എത്രമോശം!
(137) അതുപോലെ തന്നെ ബഹുദൈവവാദികളില്‍പെട്ട പലര്‍ക്കും സ്വന്തം മക്കളെ കൊല്ലുന്നത് അവര്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ ഭംഗിയായി തോന്നിച്ചിരിക്കുന്നു. അവരെ നാശത്തില്‍ പെടുത്തുകയും, അവര്‍ക്ക് അവരുടെ മതം തിരിച്ചറിയാന്‍ പറ്റാതാക്കുകയുമാണ് അതുകൊണ്ടുണ്ടായിത്തീരുന്നത്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അതിനാല്‍ അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതുമായി അവരെ വിട്ടേക്കുക.