(94) നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം ചതിപ്രയോഗത്തിനുള്ള മാര്‍ഗമാക്കിക്കളയരുത്. (ഇസ്ലാമില്‍) നില്‍പുറച്ചതിന് ശേഷം പാദം ഇടറിപോകാനും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ആളുകളെ തടഞ്ഞതു നിമിത്തം നിങ്ങള്‍ കെടുതി അനുഭവിക്കാനും അത് കാരണമായിത്തീരും. നിങ്ങള്‍ക്ക് ഭയങ്കരമായ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.
(95) അല്ലാഹുവിന്റെ കരാറിനു പകരം നിങ്ങള്‍ തുച്ഛമായ വില വാങ്ങരുത്. തീര്‍ച്ചയായും അല്ലാഹുവിങ്കലുള്ളതു തന്നെയാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ (കാര്യം) ഗ്രഹിക്കുന്നവരാണെങ്കില്‍.
(96) നിങ്ങളുടെ അടുക്കലുള്ളത് തീര്‍ന്ന് പോകും. അല്ലാഹുവിങ്കലുള്ളത് അവശേഷിക്കുന്നതത്രെ. ക്ഷമ കൈക്കൊണ്ടവര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം നാം നല്‍കുക തന്നെ ചെയ്യും.
(97) ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.
(98) നീ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ശരണം തേടിക്കൊള്ളുക.
(99) വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ അവന്ന് (പിശാചിന്) യാതൊരു അധികാരവുമില്ല; തീര്‍ച്ച.
(100) അവന്റെ അധികാരം അവനെ രക്ഷാധികാരിയാക്കുന്നവരുടെയും അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവരുടെയും മേല്‍ മാത്രമാകുന്നു.
(101) ഒരു വേദവാക്യത്തിന്റെ സ്ഥാനത്ത് മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ - അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ് താനും - അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന് മാത്രമാകുന്നു എന്ന്. അല്ല, അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.
(102) പറയുക: വിശ്വസിച്ചവരെ ഉറപ്പിച്ച് നിര്‍ത്താന്‍ വേണ്ടിയും, കീഴ്പെട്ടുജീവിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയും ആയിക്കൊണ്ടും സത്യപ്രകാരം പരിശുദ്ധാത്മാവ് നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് അത് ഇറക്കിയിരിക്കുകയാണ്.