(65) അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, അത് മൂലം ഭൂമിയെ- അത് നിര്‍ജീവമായികിടന്നതിന് ശേഷം- അവന് സജീവമാക്കുകയും ചെയ്തു. കേട്ട് മനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്.
(66) കാലികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു പാഠമുണ്ട്. അവയുടെ ഉദരങ്ങളില്‍ നിന്ന്- കാഷ്ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന് കുടിക്കുന്നവര്‍ക്ക് സുഖദമായ ശുദ്ധമായ പാല് നിങ്ങള്‍ക്കു കുടിക്കുവാനായി നാം നല്കുന്നു.
(67) ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്നും (നിങ്ങള്‍ക്കു നാം പാനീയം നല്കുന്നു.) അതില്‍ നിന്ന് ലഹരി പദാര്‍ത്ഥവും, ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്.
(68) നിന്റെ നാഥന് തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക.
(69) പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ച് കൊള്ളുക. എന്നിട്ട് നിന്റെ രക്ഷിതാവ് സൌകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ച് കൊള്ളുക. അവയുടെ ഉദരങ്ങളില്‍ നിന്ന് വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത് വരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനം ഉണ്ട്. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്.
(70) അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. പിന്നീട് അവന് നിങ്ങളെ മരിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ ഏറ്റവും അവശമായ പ്രായത്തിലേക്ക് തള്ളപ്പെടുന്നു; (പലതും) അറിഞ്ഞതിന് ശേഷം യാതൊന്നും അറിയാത്ത അവസ്ഥയില്‍ എത്തത്തക്കവണ്ണം. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുമുള്ളവനുമാകുന്നു.
(71) അല്ലാഹു നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപജീവനത്തിന്റെ കാര്യത്തില്‍ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നു. എന്നാല്‍ (ജീവിതത്തില്‍) മെച്ചം ലഭിച്ചവര്‍ തങ്ങളുടെ ഉപജീവനം തങ്ങളുടെ വലതുകൈകള്‍ അധീനപ്പെടുത്തിവെച്ചിട്ടുള്ളവര്‍ (അടിമകള്‍) ക്ക് വിട്ടുകൊടുക്കുകയും, അങ്ങനെ ഉപജീവനത്തില്‍ അവര്‍ (അടിമയും ഉടമയും) തുല്യരാകുകയും ചെയ്യുന്നില്ല. അപ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെയാണോ അവര്‍ നിഷേധിക്കുന്നത് ?
(72) അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന് നിങ്ങള്‍ക്ക് പുത്രന്മാരെയും പൌത്രന്മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍ നിന്നും അവന് നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്?